Tuesday, August 23, 2011

ഓര്‍മ്മയാണമ്മ

നീ ഈറന്‍ മുടിയും ആവി പറക്കുന്ന ചായയുമായി
അച്ഛനെ ഉണര്‍ത്തുന്നത് ഞാന്‍ കണ്ടിട്ടില്ല

മുണ്ടിന്‍ തലപ്പിന്‍ കൈ തുടച്ചു കൊണ്ട് അരകല്ലിങ്കല്‍ നിന്നും
അടുപ്പിന്‍ ചുവട്ടിലേക്ക്‌ ഓടുന്നത് കണ്ടിട്ടില്ല.

മേളം മുറുകുമ്പോള്‍ സാരി വലിച്ചു ചുറ്റി
അമ്പലത്തിലേക്ക് പായുന്നതും കണ്ടിട്ടില്ല

തേച്ചു വെടിപ്പാക്കിയ കുപ്പായവുമായി കുളി കഴിഞ്ഞെത്തുന്ന
അച്ഛനെ കാത്തു നില്‍ക്കുന്നതും കണ്ടിട്ടില്ല.

കാണാതെ പോയ കുരുന്നു കാഴ്ച്ചക്കൊക്കെയും പരിഭവിച്ചാണ്‌
ഇത്ര കാലം അമ്മെ എന്ന് ഒന്നുറക്കെ കരയാതെ ഇരുന്നത്.

എങ്കിലും കര്‍ക്കിടകവാവിന്റെ ഈറന്‍ തണുപ്പില്‍ നിന്നു കൊണ്ട്
ഇല കൊത്തി വലിക്കുന്ന കരിംകാക്കകള്‍ക്കിടയില്‍ നിന്നും
കണ്ണ് തെറ്റിച്ചു ഞാന്‍ മേഘപാളികല്‍ക്കിടയിലേക്ക് നോക്കാറുണ്ട്

എനിക്ക് നീളം വച്ചതും മീശ വന്നതുമൊക്കെ നീ കാണുന്നുണ്ട്
എന്ന് വിശ്വസിക്കാന്‍ വേണ്ടിയെങ്കിലും
അച്ഛന്റെ പഴയ ലതര്‍ പെട്ടിയില്‍
നിന്റെ നരച്ചു പൊടിഞ്ഞ
സാരികൂട്ടങ്ങള്‍ക്കിടയില്‍ പരതാറുണ്ട്
നിറം മങ്ങിയ ഒരു ചിത്രത്തിനായി.

നിന്റെ അമ്മയേക്കാള്‍ സുന്ദരി ആയിരുന്നെടാ എന്‍റെ അമ്മയെന്ന്
നാളെ എന്‍റെ മകനോട്‌ കലഹിക്കുവനായി എങ്കിലും.

1 comment:

വര്‍ണ്ണക്കടലാസ്സ്‌ said...

മുകേഷ് മോഹന്റെ കവിതകള്‍..