Tuesday, August 23, 2011

തമോരാഗം

ഇരുള്‍ ഇഴ നെയ്തു കൂട്ടുമീ രാവ് പോലെ
ഇത്രമേല്‍ ഭംഗിയില്ല ഒരു പകലിനും
പുണര്ന്നും പുണരാതെയും
അറിഞ്ഞും അറിയാതെയും
കിതച്ചും വിയര്‍ത്തും
പിണങ്ങിയും കരഞ്ഞുമൊക്കെ
ഇരുട്ടു പെറ്റുകൂട്ടിയ
എത്ര എത്ര രാവുകള്‍

യുഗാന്ത്യം വരെ
നീയും ഞാനും
പ്ലാസ്റ്റിക്‌ വരിഞ്ഞ ഈ കട്ടിലും
പുറന്തോട് പൊട്ടാത്ത കനത്ത ഇരുട്ടും,
ഇവിടെ തന്നെ ഉണ്ടായിരുന്നെങ്കില്‍

ഓര്‍മ്മയാണമ്മ

നീ ഈറന്‍ മുടിയും ആവി പറക്കുന്ന ചായയുമായി
അച്ഛനെ ഉണര്‍ത്തുന്നത് ഞാന്‍ കണ്ടിട്ടില്ല

മുണ്ടിന്‍ തലപ്പിന്‍ കൈ തുടച്ചു കൊണ്ട് അരകല്ലിങ്കല്‍ നിന്നും
അടുപ്പിന്‍ ചുവട്ടിലേക്ക്‌ ഓടുന്നത് കണ്ടിട്ടില്ല.

മേളം മുറുകുമ്പോള്‍ സാരി വലിച്ചു ചുറ്റി
അമ്പലത്തിലേക്ക് പായുന്നതും കണ്ടിട്ടില്ല

തേച്ചു വെടിപ്പാക്കിയ കുപ്പായവുമായി കുളി കഴിഞ്ഞെത്തുന്ന
അച്ഛനെ കാത്തു നില്‍ക്കുന്നതും കണ്ടിട്ടില്ല.

കാണാതെ പോയ കുരുന്നു കാഴ്ച്ചക്കൊക്കെയും പരിഭവിച്ചാണ്‌
ഇത്ര കാലം അമ്മെ എന്ന് ഒന്നുറക്കെ കരയാതെ ഇരുന്നത്.

എങ്കിലും കര്‍ക്കിടകവാവിന്റെ ഈറന്‍ തണുപ്പില്‍ നിന്നു കൊണ്ട്
ഇല കൊത്തി വലിക്കുന്ന കരിംകാക്കകള്‍ക്കിടയില്‍ നിന്നും
കണ്ണ് തെറ്റിച്ചു ഞാന്‍ മേഘപാളികല്‍ക്കിടയിലേക്ക് നോക്കാറുണ്ട്

എനിക്ക് നീളം വച്ചതും മീശ വന്നതുമൊക്കെ നീ കാണുന്നുണ്ട്
എന്ന് വിശ്വസിക്കാന്‍ വേണ്ടിയെങ്കിലും
അച്ഛന്റെ പഴയ ലതര്‍ പെട്ടിയില്‍
നിന്റെ നരച്ചു പൊടിഞ്ഞ
സാരികൂട്ടങ്ങള്‍ക്കിടയില്‍ പരതാറുണ്ട്
നിറം മങ്ങിയ ഒരു ചിത്രത്തിനായി.

നിന്റെ അമ്മയേക്കാള്‍ സുന്ദരി ആയിരുന്നെടാ എന്‍റെ അമ്മയെന്ന്
നാളെ എന്‍റെ മകനോട്‌ കലഹിക്കുവനായി എങ്കിലും.

ഘടികാരജീവിതം

മണിക്കൂര്‍ സൂചിയില്‍ കെട്ടിയിട്ടിരിക്കുകയാണ് കാലുകള്‍

മിനുട്ട് സൂചിക്ക് പിടി തരാതെ ഓടുകയാണുറക്കവും


പ്രവാസത്തിനു രണ്ടു ഋതുക്കളെ ഉള്ളു

മുറ്റത്തെ മൊട്ടു വീണ പേരറിയാത്ത പൂച്ചെടിയെ

ഞാനില്ലാത്ത അവധിക്കാലത്ത്‌

കരിച്ചു കൊന്ന ഗ്രീഷ്മം പോലത്തെ പകലും,


അമ്മൂമ്മയുടെ തടിയന്‍ കരിമ്പടത്തിനടിയില്‍

ചുരുണ്ടുറങ്ങി കൊതി തീരും മുന്‍പേ

പാഞ്ഞോടി പോകുന്ന ശൈത്യം പോലത്തെ രാവുകളും.


ഉണ്ണാതെ പിണങ്ങി പടിക്കലിരിക്കുമ്പോള്‍

വാരിയെടുക്കാന്‍ അമ്മ വരാറുള്ളത് പോലെ...

നിദ്രയെ വാരിയ്ടുക്കുംപോഴേക്കും

മണിക്കൂര്‍ സൂചിയില്‍ കാല്‍ തട്ടി

വെളിച്ചത്തിലേയ്ക്കു മൂക്ക് കുത്തി വീഴും.

മൂന്നു മണി അലാറം കൊന്നു തിന്ന കുറെ സ്വപ്നങ്ങള്‍ക്കായെങ്കിലും

എനിക്ക് വേണ്ടി മാത്രം ചലിക്കുന്ന

ഒരു ഘടികാരം വാങ്ങണം

എനിക്ക് വേണ്ടി ഉദിക്കുന്ന

ഒരു സൂര്യനെയും.

പ്രണയാനന്തരം

നിറം മങ്ങിയ കുറെ പൂവുകള്‍

മുറ്റം നിറയെ കരിയില പറത്താന്‍ കുറെ മരങ്ങള്‍

ഉണക്കാനിട്ടിരിക്കുന്ന കുട്ടികളുടെ യൂണിഫോമും വിറകും

നനക്കാന്‍ കുത്തി താഴോട്ടു വീഴുന്ന നശിച്ച മഴ

ചെവി തല കേള്‍പ്പിക്കാത കുറെ കിളികള്‍

കരിക്കലം തേച്ച കൈകള്‍ തൊടാതെ,

വിയര്‍പ്പു ഒഴുകിയിറങ്ങിയ കഴുത്തു ചുംബിക്കാതെ,

പണയ പണ്ടത്തിന്റെ പരാതികള്‍ കേട്ട്

തിരിഞ്ഞു കിടന്നുറങ്ങുന്ന രാവുകള്‍.

പ്രണയാനന്തര ജീവിതം ഓര്‍ക്കാന്‍ തന്നെ വയ്യ.

ചില മുറിഞ്ഞ വരികള്‍

ദൂരം
അച്ഛന്റെ കാലില്‍ നിന്നും
അമ്മയുടെ അടിവയറ്റിലേക്കുള്ള ദൂരമാണത്രെ
അനുജന്‍ ഇപ്പോഴും ഇഴഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കുന്നത്...


കടലിനോട്
തിര തല്ലിയിരമ്പി ഇക്കുറി എന്നിലേക്കെത്തുമോ.
എന്‍റെ ഒഴുക്കെല്ലാം അവരെടുത്തു പോയെന്നൊരു കഷ്ണം പുഴ


കാത്തിരുപ്പ്.
പലര്‍ വന്നു പോയിട്ടും അവള്‍ വാതിലടച്ചില്ല.
വഴി തെറ്റിയെങ്കിലും വന്നാലോ
പലകുറി കിനാവ്‌ കണ്ട ആദ്യരാത്രി.


പ്രതീക്ഷ.
അരികു പൊട്ടിയിട്ടും
അടുപ്പിലിരുന്നു തിളയ്ക്കുന്നുണ്ട്
അരി വന്നേക്കുമെന്ന്
ഒരു കലം നിറയെ പ്രതീക്ഷ.


ഒളിച്ചോട്ടം.
ഉടുക്കികൊട്ടിയുണര്ത്താന്‍
വിളക്കുമായ്‌ ചെന്നപ്പോഴാണ്
തേവര് ഇരുട്ടുവാക്കിനു ഇറങ്ങിയോടിയെന്നു
ഒരു മണി കിലുങ്ങി പറഞ്ഞത്.