Friday, July 30, 2010

അച്ഛനുവേണ്ടി...

അച്ഛന്‍ മരിച്ചപ്പോള്‍
അമ്മക്കു എസ്.എം.എസ്. അയച്ചു
"മരണം പാര്ട്ട് ഓഫ് ലൈഫ്
അധികം വേദനിക്കല്ലേ"
മംഗ്ലീഷ് എഴുതുന്നത്
മഹാ ബോര്‍ തന്നെ
ഇംഗ്ലീഷ് അറിയാത്ത അമ്മ
വേദനയായി ക്വര്‍ടി പാഡില്‍ പിടച്ചു.

തര്‍പ്പണത്തിന്റെ കാര്യം
ചോദിക്കണമെന്നുണ്ട്
ബാലന്‍സില്ല, ഇനി
ഹുണ്ടി ഫോണ്‍ തരമാകട്ടെ

മെയില്‍ ഗ്രൂപ്പില്‍ മെസ്സേജ് അയച്ചു
"അച്ഛന്‍ ടു ഡേ പാസ്‌ഡ്‌ എവേ"
ഇന്‍ബോക്സില്‍
കണ്ടോളന്‍സുകളുടെ നിലവിളികള്‍
ചെമ്പുകുടം ധാരയൊഴുക്കുന്ന
സൌണ്ട് എംബെഡ് ചെയ്ത
മരണകാര്‍ഡുകളുടെ
നീര്‍ച്ചാലുകള്‍.
കരയാതിരിക്കാന്‍
മരണത്തെക്കുറിച്ചുള്ള
ഗീതാവേദാന്തങ്ങള്‍..
രമണമഹര്‍ഷിയുടെ സൂക്തങ്ങള്‍
അറിവിന്റെ നിറകുടമായ
ഈ ഗ്രൂപ്പ് എന്തൊരാശ്വാസം.

ടി.വി.യിലെ ഫോണ്‍-ഇന്‍
പരിപാടിയിലേക്കു വിളിച്ചു
അച്ഛനൊരു പാട്ട് ഡെഡിക്കേറ്റു ചെയ്തു
"സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുന്ന
അച്ഛനെയാണെനിക്കിഷ്ടം"..

ഒപ്പം
മനസ്സാക്ഷിക്കൊരു താക്കീതും
ഇനി അച്ഛനു വേണ്ടി ഒന്നും ചെയ്തില്ലെന്നു
മിണ്ടരുത്.