Wednesday, February 4, 2009

എന്നെത്തേടി

അടുക്കളയില്‍, അടുപ്പിന്റെ താഴെ
വിറകിന്‍കൊള്ളിക്കള്‍ക്കിടയില്‍ നിന്ന്
ഒരു വള കളഞ്ഞുകിട്ടി
അത്‌ അമ്മയുടേതായിരുന്നു

ചുരുട്ടിയിട്ട കടലാസുകൂട്ടത്തിന്റെ
ചിതലരിച്ച മൂലയില്‍ നിന്ന്
പൊട്ടിയ കണ്ണടയും,
ഒരു മഷിക്കുപ്പിയും കളഞ്ഞുകിട്ടി
അത്‌ അച്ഛന്റേതായിരുന്നു.

തെക്കിനിയില്‍
ഒഴിഞ്ഞ കട്ടിലിനടിയില്‍ നിന്നും
നറുനെയ്യ് മണക്കുന്ന
ഒരുരുള ചോറു കളഞ്ഞുകിട്ടി
അതു മുത്തശ്ശിയുടേതായിരുന്നു.

കൂമനുറങ്ങുന്ന പൊന്തക്കാട്ടിലെ
ദര്‍ഭകൂട്ടത്തിനിടയില്‍ നിന്നും
ഒരു ശവശരീരം കളഞ്ഞുകിട്ടി
അതു പെങ്ങളുടേതായിരുന്നു.

കളഞ്ഞുകിട്ടിയവ കൂട്ടിയിട്ട
നിലവറയില്‍
വെറുപ്പിന്റെ തിമിരതാളങ്ങള്‍‌ക്കിടയില്‍
ഞാന്‍‌ ഇപ്പോള്‍‌ തിരയുന്നത്
ആത്മാവിനെയാണ്
എന്റെ സ്വന്തം‌ ആത്മാവ്.

Tuesday, February 3, 2009

ഒരു ഗാന്ധി സ്‌മരണ


അഹിം‌സയുടെ
മുന്‍‌വാക്ക്
സ്വാതന്ത്ര്യത്തിന്റെ
തായ്‌വേരടയാളം.

ജീവിതമല്ലാതെ തനിക്കൊരു
സന്ദേശവുമില്ലെന്ന്‌
ജീവിച്ചും‌ മരിച്ചും‌
തെളിയിച്ചവന്‍‌.

വിമോചനത്തിന്റെ
നിലാവുകാത്തു കിടന്നവന്‍‌
ദരിദ്രന്റെ ലോകത്തെ
അര്‍‌ദ്ധനഗ്‌നത കൊണ്ടു
അടയാളപ്പെടുത്തിയവന്‍‌.

കരിനിയമങ്ങളെ
ഉപ്പുകുറുക്കിയും‌
ലം‌ഘിക്കാമെന്നു
ശീലിപ്പിച്ചവന്‍‌.

പക്ഷേ..
ചരിത്രത്തിന്റെ
പിന്നാമ്പുറങ്ങളില്‍‌
നിന്റെ സത്യസന്ധതക്കു
മാര്‍‌ക്ക് കൂട്ടിനോക്കുന്നവരോട്..
ഓര്‍‌ക്കുക
അളന്നെഴുതാന്‍‌
ഏകകം‌ മതിയാവാതെ വരും.

ഇവന്‍‌
ഭൂഖണ്ഡങ്ങളില്‍‌
തന്റെ നാളുകള്‍‌
സ്‌നേഹം‌ കൊണ്ടൂ
മുദ്രണം‌ ചെയ്തിട്ടുണ്ട്.

ചരിത്രമനസ്സുകളില്‍‌
ഉറച്ച ചങ്കൂറ്റം
രക്തം‌ കൊണ്ടു
സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

-അജീഷ്

(ആരും‌ ഓര്‍‌ക്കാതെപോയ ഒരു രക്തസാക്ഷിദിനത്തിന്റെ ഓര്‍‌മ്മക്ക്‌)