Tuesday, August 23, 2011

ഘടികാരജീവിതം

മണിക്കൂര്‍ സൂചിയില്‍ കെട്ടിയിട്ടിരിക്കുകയാണ് കാലുകള്‍

മിനുട്ട് സൂചിക്ക് പിടി തരാതെ ഓടുകയാണുറക്കവും


പ്രവാസത്തിനു രണ്ടു ഋതുക്കളെ ഉള്ളു

മുറ്റത്തെ മൊട്ടു വീണ പേരറിയാത്ത പൂച്ചെടിയെ

ഞാനില്ലാത്ത അവധിക്കാലത്ത്‌

കരിച്ചു കൊന്ന ഗ്രീഷ്മം പോലത്തെ പകലും,


അമ്മൂമ്മയുടെ തടിയന്‍ കരിമ്പടത്തിനടിയില്‍

ചുരുണ്ടുറങ്ങി കൊതി തീരും മുന്‍പേ

പാഞ്ഞോടി പോകുന്ന ശൈത്യം പോലത്തെ രാവുകളും.


ഉണ്ണാതെ പിണങ്ങി പടിക്കലിരിക്കുമ്പോള്‍

വാരിയെടുക്കാന്‍ അമ്മ വരാറുള്ളത് പോലെ...

നിദ്രയെ വാരിയ്ടുക്കുംപോഴേക്കും

മണിക്കൂര്‍ സൂചിയില്‍ കാല്‍ തട്ടി

വെളിച്ചത്തിലേയ്ക്കു മൂക്ക് കുത്തി വീഴും.

മൂന്നു മണി അലാറം കൊന്നു തിന്ന കുറെ സ്വപ്നങ്ങള്‍ക്കായെങ്കിലും

എനിക്ക് വേണ്ടി മാത്രം ചലിക്കുന്ന

ഒരു ഘടികാരം വാങ്ങണം

എനിക്ക് വേണ്ടി ഉദിക്കുന്ന

ഒരു സൂര്യനെയും.

No comments: