Friday, June 12, 2009

മാധവിക്കുട്ടി - വ്യത്യസ്തയായ ഒരു ഷോലേഡി

പല പേരില്‍ അറിയപ്പെടുന്ന ഒരു വ്യക്തി, അതും സാഹിത്യത്തില്‍, ഒരു പക്ഷേ ചരിത്രത്തില്‍ തന്നെ ഒരാളേ കാണൂ. കമലാദാസ് എന്ന സാഹിത്യകാരി. ആമി, മാധവിക്കുട്ടി, കമലാദാസ്, കമലാ സുരയ്യ, എന്നതിനൊക്കെ പുറമേ, മലയാളികള്‍ ചര്‍വ്വിതചര്‍വണമാക്കിയ നീര്‍മാതളം, നീലാംബരി, പുന്നയൂര്‍ക്കുളം, എന്തിനു പറയണം ഫെമിനിസം, പെണ്ണെഴുത്ത്, സ്‌നേഹം, കാമം , നെയ്പ്പായസം എന്നൊക്കെ എഴുതിക്കണ്ടാല്‍ പോലും മലയാളികള്‍ ഓര്‍ത്തെടുത്ത്‌ എത്തിച്ചേരുന്ന ഒരു മുഖമായി മാറിയ മലയാള സാഹിത്യത്തിലെ 'ഷോ ലേഡി' ഇന്ന്‌ എല്ലാ ദുരൂഹതകളും ബാക്കിവെച്ച്‌ കഥാവശേഷയായി. ഭാവിയില്‍ ആരെങ്കിലും ഈ സാഹിത്യകാരിയെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ ഏതു പേരില്‍ നിന്നു തുടങ്ങണമെന്നത് ഓരോരുത്തരുടേയും അഭിരുചിയുമായി ബന്ധപ്പെട്ടിരിക്കും എന്ന ഒരു പ്രത്യേകത അവശേഷിപ്പിച്ചിട്ടാണ്‌ കമലാദാസ് യാത്രയായത്.

കമലാദാസ് എന്ന മാധവിക്കുട്ടിയുടെ സാഹിത്യസൃഷ്ടികളെക്കുറിച്ചല്ല, മറിച്ച്‌ അവര്‍ കാലാകാലങ്ങളായി സ്വീകരിച്ചുപോന്ന നിലപാടുകളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചു സൂചിപ്പിക്കുക എന്നതാണ്‌ ഈ ലേഖനത്തിന്റെ ലക്ഷ്യം. വളരെയേറെ ആദരവര്‍ഹിക്കുന്ന അവരുടെ ഭാഷയ്‌ക്കും ചാരുതയാര്‍ന്ന അവതരണങ്ങള്‍ക്കും അതിമനോഹരങ്ങളായ സാന്ദര്‍ഭിക സൃഷ്ടികള്‍ക്കും അതിലെല്ലാമുപരി, കാലത്തെ നടുക്കിയ സ്‌ത്രീ എന്നുള്ള അപദാനത്തെയും മനസാ നമിച്ചുകൊണ്ടു തന്നെ മാധവിക്കുട്ടിയുടെ ഇന്നോളമുണ്ടായിരുന്ന ചില സാമൂഹിക ഇടപെടലുകളെക്കുറിച്ചു പരാമര്‍ശിക്കുകയാണിവിടെ.

മാധവിക്കുട്ടിയുടെ മനോഭാവങ്ങളും,നിലപാടുകളും രാഷ്ട്രീയവും എന്തായിരുന്നു എന്നു പരിശോധിച്ചാല്‍ സുസ്ഥിരമായ ഒരു ത്രെഡില്‍ ചേര്‍ന്നുനിന്നുകൊണ്ടുള്ള സമീപനമായിരുന്നില്ല ജീവിതത്തോടും സാഹിത്യത്തോടും അവര്‍ക്കുണ്ടായിരുന്നത്‌ എന്ന്‌ ഏതൊരാള്‍ക്കും വലിയ ധിഷണാവ്യായാമം ഇല്ലാതെ തന്നെ മനസ്സിലാക്കാന്‍ സാധിക്കും.

'പെണ്ണെഴുത്തിന്റെ രാജ്ഞി', 'എഴുത്തിലെ സ്വാതന്ത്ര്യം' 'തുറന്നെഴുത്ത്' എന്നൊക്കെയുള്ള ഫെമിനിസ്റ്റ്‌ വിശ്‌ളേഷണവിശേഷങ്ങള്‍ ചാര്‍ത്തിക്കൊടുക്കുമ്പോഴും മാധവിക്കുട്ടി പലപ്പോഴും സ്‌ത്രീയുടെ തന്നെ ശത്രുവായ ഒരു കേവല സ്‌ത്രീയായി പെരുമാറുന്നതു നാം കണ്ടിട്ടുണ്ട്. സ്‌ത്രീയുടെ എല്ലാ നൊമ്പരങ്ങളും ലൈംഗികമാണെന്ന രീതിയില്‍ എഴുതി സ്‌ത്രീയെ വളരെ ചെറുതാക്കിയ മാധവിക്കുട്ടി തന്റേതല്ലാത്ത വിചാരങ്ങളും ശരികളും ഇതരസ്ത്രീയുടേതുമല്ല എന്നു ഉറക്കെ വിശ്വസിച്ചിരുന്നു. പുരുഷനെ ഭയപ്പാടോടെ കാണാന്‍, പലപ്പോഴും അറപ്പോടെ കാണാന്‍ പ്രേരിപ്പിക്കും വിധം എഴുതിയ മാധവിക്കുട്ടി പുരുഷന്റെ പ്രണയത്തെ അത്യധികമായി മോഹിക്കുന്നതിനെക്കുറിച്ചും പുരുഷനില്‍ നിന്നും ലഭിക്കേണ്ട സുഖകരമായ ഒരു അവസാനത്തേക്കുറിച്ചും സ്വപ്നം കാണുന്നു.

അപഹരിക്കപ്പെട്ടവന്റെ ആകുലതകളെ വേദനാംശങ്ങള്‍ കൂട്ടിക്കലര്‍ത്തിപറയുന്ന അതേ നാവു കൊണ്ട് അവര്‍ വിധേയത്വത്തോടെ അധികാരത്തേയും സ്‌തുതിച്ചിരുന്നു. പൊക്രാനില്‍ അണുബോംബ് പരീക്ഷിച്ചപ്പോള്‍ രാജ്യസ്‌നേഹത്തിന്റെ പേരില്‍ പായസം വിളമ്പിയ മാധവിക്കുട്ടി സോമാലിയന്‍ കുഞ്ഞുങ്ങളെയോര്‍ത്തും മുലപൊട്ടിമരിക്കുന്ന അമ്മമാരെക്കുറിച്ചും ഓര്‍ത്തു നൊമ്പരപ്പെട്ടു. തനിക്കുനേരെ വിരല്‍ ചൂണ്ടിയേക്കാം എന്നു സംശയിച്ചു സാഹിത്യ, സാംസ്കാരിക മേഖലയിലെ അധികാരത്തെ വിമര്‍ശിച്ചിരുന്ന മാധവിക്കുട്ടി തനിക്കുപദ്രവകാരികളല്ലാത്ത രാഷ്ട്രീയാധികാരികളെ വല്ലാതെ സ്‌നേഹിച്ചു. വാജ്‌പേയിയേയും ഇന്ദിരാഗാന്ധിയേയും പുകഴ്ത്തിയ മാധവിക്കുട്ടി കരുണാകരനേയും അച്ചുതാനന്ദനേയും വാഴ്ത്തി. തന്റെ സൌന്ദര്യത്തിനും കുലീനതക്കും കോട്ടം തട്ടുന്ന ഒന്നിലേക്കും ഇറങ്ങിവരാതെ, പഴയ ഫ്യൂഡല്‍ ജീര്‍ണ്ണതയെ പുണര്‍ന്നു, അതിനുള്ളീല്‍ നിന്നു കലഹിച്ചുകൊണ്ടൂ സാമൂഹികപ്രതിബദ്ധതയെക്കുറിച്ചു സംസാരിച്ചു. അധികാരത്തെ ഒരിടത്തു വിമര്‍ശിക്കവേ മറ്റൊരിടത്തു വിധേയത്വത്തോടെ പൂജിക്കുന്ന മാധവിക്കുട്ടിയുടെ രാഷ്ട്രീയം മറ്റൊരു ദുരൂഹതയായി അവര്‍ മലയാളിക്കു മുന്നിലിട്ടുകൊടുത്തു.

പുരുഷന്റെ ജൈവകാമനകളുടെ ജീര്‍ണ്ണതയെ തന്റെ രചനകളുടെ തന്നെ കനവും കസവുമാക്കി മാറ്റിയ മാധവിക്കുട്ടി അതേ കാമനകളെ താലോലിക്കുന്നതും മലയാളി കണ്ടു. തന്റെ പിതാവിന്റെ സിഗാറിന്റെ സുഗന്ധത്തെ പുകഴ്ത്തിയ മാധവിക്കുട്ടി ബീഡി വലിക്കുന്ന ചെറുപ്പക്കാരുടെ വിയര്‍പ്പിന്റെ ദുര്‍ഗന്ധത്തെക്കുറിച്ചു പറഞ്ഞു. നഖത്തിന്റെ അടിയില്‍ അഴുക്കിരിക്കുന്ന വൃത്തികെട്ട പുരുഷനെക്കുറിച്ചു പറഞ്ഞ മാധവിക്കുട്ടി മദ്യപിക്കുന്ന മനുഷ്യന്റെ കുതിരശക്തിയെ സ്വപ്നം കാണുന്നു. പുലര്‍ച്ചെ ഉണര്‍ന്ന്‌ കക്കൂസില്‍ പുരുഷന്റെ മലം ഫ്ലഷ് ചെയ്യേണ്ട പെണ്ണിന്റെ ദുര്‍വിധിയെക്കുറിച്ചു പരിതപിച്ച മാധവിക്കുട്ടി പുരുഷന്റെ കക്ഷത്തിലെ ഗന്ധത്തെ രേതസ്സിന്റെ ഗന്ധവുമായി കൂട്ടിക്കെട്ടി ആസ്വദിച്ചു. മാധവിക്കുട്ടി ഓരോ വായനയിലും വായനക്കരെ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചുവലിച്ചു. എഴുത്തു പോലെ ജീവിതവും ദുരൂഹമാക്കി ജീവിക്കുവാന്‍ അവര്‍ എന്നേ നിശ്ചയിച്ചിരുന്നു എന്നു തോന്നിപ്പിക്കും വിധമായിരുന്നു അവരുടെ പില്‍ക്കാലജീവിതം. അതു മനസ്സിലാക്കാതെയാണ്‌ മലയാളി അവരെ സദാചാരത്തിന്റെ പേരില്‍ കല്ലെറിഞ്ഞുകൊണ്ടിരുന്നത്.

കമലാദാസ്‌ മതം മാറ്റത്തിലൂടെ മലയാളിക്കു നല്‍കിയ സന്ദേശങ്ങളെക്കുറിച്ചു ഇസ്ലാം അനുയായികളും, അവര്‍ ചെയ്ത അബദ്ധജടിലതയെക്കുറിച്ചു ഹിന്ദുമതക്കാരും അന്യോന്യം സ്വതസിദ്ധമായ രീതിയില്‍ വിമര്‍ശിച്ചുകൊണ്ടേയിരിക്കെ 'തനിക്കു മതം മടുത്തു' എന്നു പറഞ്ഞ് അവര്‍ മലയാളിയെ വീണ്ടും വിസ്‌മയിപ്പിച്ചു. ഹിന്ദുമതമല്ല, ഇസ്ലാം മതമല്ല, സ്‌നേഹമായിരുന്നു കമലാദാസിന്റെ മതമെന്നു 'ഫിക്ഷന്‍' രീതിയില്‍ സ്‌തുതിച്ചു പ്രതിരോധിച്ചുവന്നവരുടെ ഇടയില്‍ നിന്ന്‌ 'സ്‌നേഹം തരാമെന്നു പറഞ്ഞ് ഒരാളെ എന്ന പറഞ്ഞു പറ്റിച്ചു. അയാള്‍ക്കുവേണ്ടിയാണ്‌ ഞാന്‍ മതം മാറിയത്‌' എന്നവര്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഇളിഭ്യരായത്‌ സ്‌നേഹത്തിന്റെ മതത്തിനുവേണ്ടി വാദിച്ചവരാണ്‌.

മാധവിക്കുട്ടി താന്‍ സുന്ദരി ആണെന്നു വിശ്വസിച്ചിരുന്നതുപോലെ തന്നെ വ്യത്യസ്തയാണെന്നും വിശ്വസിച്ചുകൊണ്ടേയിരുന്നു എന്നതാണ്‌ സത്യം. ആദ്യ എഴുത്തു മുതല്‍ അവസാന എഴുത്തു വരെ അവര്‍ ആ ഒരു ശൈലി തുടര്‍ന്നു, മാത്രമല്ല, തന്റെ രചനയില്‍ തന്റെ വ്യത്യസ്തത എന്താണെന്നു അറിയാന്‍, തന്നെ ഉദ്വേഗത്തോടെ വായിപ്പിക്കാന്‍ വായനക്കാരെ നിരന്തരം നിര്‍ബന്ധിക്കാന്‍ ഇടം കൊടുത്തു എന്ന ഒറ്റക്കാരണത്താല്‍ അവര്‍ മലയാളത്തിലെ പ്രഗല്‍ഭയായ എഴുത്തുകാരി എന്ന പദവിക്കു സര്‍വദാ അര്‍ഹയാണ്‌. മാധവിക്കുട്ടിയുടെ രചനകള്‍ കുലീനയായ ഒരു വീട്ടമ്മയുടെ ആത്മരഹസ്യങ്ങളായിരിക്കുമെന്നുള്ള മുന്‍വിധികൂടിയാകാം അവരെ ഏറെ ഉദ്വേഗത്തോടെ വായിപ്പിക്കാന്‍ മലയാളിയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. അവരുടെ സാഹിത്യത്തിന്റെ ക്രാഫ്റ്റിനേക്കാള്‍, അതിലെ രത്യംശങ്ങള്‍ തേടുക എന്നത് മലയാളി ശീലമാക്കുകയും ചെയ്തു.

ജീവിതത്തില്‍ പൊതുവേ അസുരക്ഷിതയും ഭീരുവുമായിരുന്ന ഒരു സ്‌ത്രീ തന്നിലെ അപകര്‍ഷതയെ മറയ്ക്കാന്‍ തന്റെ ഭാവനകളില്‍ ഭീതിയില്ലാത്തവളായി ഇറങ്ങിവരുന്ന സില്‍വിയാ പ്ലാത്തിന്റെ രചനകളിലെ അതേ സ്വത്വമായിരുന്നു മാധവിക്കുട്ടി അവലംബിച്ചുപോന്നത്‌ എന്നത് അവരുടെ പുസ്തകങ്ങളെ കാര്യമായി വായിച്ചവര്‍ക്കു പെട്ടെന്നു മനസ്സിലാകും. ആ സ്വത്വം ഒരു ദ്രാവിഡിയന്‍ രക്തത്തില്‍ എത്രമാത്രം അസ്വതന്ത്രയാണെന്ന വിളിച്ചോതല്‍ അവരെ ചെറുപ്പത്തിലേ ശ്രദ്ധേയയാക്കി. ആ ശ്രദ്ധ ഒരു ആഘോഷമായപ്പോള്‍ താന്‍ സ്വയം ഒരു ഷോ ലേഡി ആണെന്നു അവര്‍ തിരിച്ചറിഞ്ഞു. മരണം വരെ ആ ഭാവം കൈവിട്ടിരുന്നില്ല. പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നിട്ടും, സില്‍വിയ പ്ലാത്തിനെപ്പോലെ പകുതിവഴിയില്‍ വെച്ചു തിരികെപ്പോകാന്‍ അവര്‍ കൂട്ടാക്കാതിരുന്നതും ഇതേ ദ്രാവിഡരക്തത്തിന്റെ ശക്തിയാണ്‌ എന്നതില്‍ നമുക്കു സന്തോഷിക്കുകയും ചെയ്യാം.

ഒരു സാഹിത്യകാരനോ സാഹിത്യകാരിക്കോ ഉണ്ടായിരിക്കണമെന്നു സമൂഹം ആഗ്രഹിക്കുന്ന സാമാന്യമര്യാദകള്‍ക്കപ്പുറത്തു നിന്നുകൊണ്ട് താന്‍ എന്താണു പറയുന്നതെന്നോ, അതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്നോ അറിയാതെ, പ്രത്യേകിച്ചു യാതൊരുവിധ രാഷ്ട്രീയചായ്‌വോ സ്വഭാവദാര്‍ഢ്യമോ പ്രകടിപ്പിക്കാതെയുള്ള മാധവിക്കുട്ടിയുടെ അഭിപ്രായപ്പെടലുകള്‍ പലരേയും അലോസരപ്പെടുത്തിയിട്ടുണ്ട്. സി.ഐ.ഡി മൂസ എന്ന ദിലീപ്‌ സിനിമയിലെ ജഗതി ശ്രീകുമാര്‍ പറയുന്നതുപോലെ, 'ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്‌' എന്നു പലര്‍ക്കും തോന്നിപ്പിക്കുംവിധമുള്ള മാധവിക്കുട്ടിയുടെ തികച്ചും ബാലിശമായ പ്രതികരണങ്ങള്‍ മലയാളികള്‍ മോശക്കാരാണെന്നു പലവട്ടം പറയിക്കുന്നതിലേക്കു അവരെ കൊണ്ടെത്തിച്ചു.

ലോകയാത്രകള്‍ നടത്തിയും വിദേശീയരുമായി സംസര്‍ഗ്ഗം നടത്തിയും താന്‍ നേടിയ അനുഭവശുദ്ധികളെ തന്റെ ജന്‍മസിദ്ധമായ കുലീനത്വത്തിന്റെ അലുക്കുകള്‍ ചാര്‍ത്തി അലങ്കരിച്ചു പ്രതിബിംബിപ്പിച്ച മാധവിക്കുട്ടി കേരളത്തിന്റെ സാമൂഹികതെയെക്കുറിച്ചു സംസാരിക്കുമ്പോള്‍, അതിന്റെ ജീര്‍ണ്ണതകളെ പെരുപ്പിച്ചു കാട്ടാന്‍ ശ്രമം നടത്തുന്നതു കണ്ടിട്ടുണ്ട്. അപ്പോള്‍ അവര്‍ കണ്ട ലോകം വളരെ ചെറുതാണെന്നു കേള്‍വിക്കാര്‍ക്കു തോന്നിപ്പിക്കുന്നതും അവരുടെ മറ്റൊരു വിസ്‌മയമായി നമുക്കു കരുതാം.

രാഷ്ട്രീയക്കാരെ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും അവര്‍ക്കിടയില്‍ മനുഷ്യന്റെ അടിസ്ഥാന ഭാവമായിരിക്കേണ്ട സ്‌നേഹമെന്ന വികാരം ഇല്ലെന്നും പറഞ്ഞു സ്വന്തമായി ലോകസേവ എന്ന രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച മാധവിക്കുട്ടിയെ മലയാളികള്‍ തലകുലുക്കി ഒന്നു സമ്മതിച്ചു വരവേയാണ്‌ കെ. സി. വേണുഗോപാല്‍ എന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു കണ്ട്, വേണുഗോപാല്‍ അതിസുന്ദരനാണെന്നും അയാള്‍ സംസ്ഥാനമന്ത്രിയായിരിക്കുന്നതു കേരളത്തിനു എന്തുകൊണ്ടും നല്ലതാണെന്നും മാധവിക്കുട്ടി അഭിപ്രായപ്പെട്ടത്. നേരത്തെ തലകുലുക്കിയ മലയാളി വീണ്ടും ഒന്നുകൂടി തലകുലുക്കി തങ്ങള്‍ക്ക് ഭ്രാന്തില്ലായെന്നുറപ്പു വരുത്തി.

മാധവിക്കുട്ടിയെ ഫെമിനിസ്റ്റ് ആദര്‍ശങ്ങളോടു കൂട്ടിക്കെട്ടുന്ന ഒരു പ്രവണത എന്നും കണ്ടുപോന്നിരുന്നു. ചില ചെറിയ വായനയിലൂടെ അവര്‍ ഒരു സ്ത്രീവാദിയാണെന്ന്‌ ആര്‍ക്കും തോന്നിപ്പിക്കാം. എന്നാല്‍ മാധവിക്കുട്ടിയുടെ രചനകളില്‍ സ്ത്രീവിരുദ്ധങ്ങളായ നിലപാടുകള്‍ നിരവധിയാണ്‌. തന്റെ നിലപാട് എന്തായിരുന്നു എന്നത് അവര്‍ തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞിട്ടും അവരെ പെണ്ണെഴുത്തിന്റെ രാജ്ഞി എന്നൊക്കെ എഴുതുന്നത് ന്യായയുക്തമല്ല. ഒരു താരതമ്യത്തിനു ശ്രമിക്കുകയല്ല, മറിച്ച്‌ ഗ്രേസിയേയും സാറാജോസഫിനേയും ശാരദക്കുട്ടിയേയും വായിക്കുന്നതിനുപരിയായി കാണാന്‍ കഴിയുന്ന തീവ്രനിലപാടുകള്‍ മാധവിക്കുട്ടിയില്‍ കണ്ടെത്തിയെങ്കില്‍ അത്‌ അവരുടെ 'എന്റെ കഥ' യുടെ വായനാവശിഷ്ടം മലയാളിമനസ്സില്‍ തങ്ങിനില്‍ക്കുന്നതുകൊണ്ടാണെന്നു പറയേണ്ടി വരും. സ്‌ത്രീയുടെ ആകുലതകള്‍ ലൈംഗികമാണെന്ന ഒരു ധ്വനി പടര്‍ത്തിയിരുന്ന മാധവിക്കുട്ടി തന്റെ കുലപ്രതാപത്തിനപ്പുറത്തുള്ള ലോകത്തെ സ്‌ത്രീകളെ, അവരുടെ ആകുലതകളെ കണ്ടിരുന്നുവോ എന്നു സംശയിക്കേണ്ട നിരവധി സന്ദര്‍ഭങ്ങള്‍ക്കു സാക്ഷി അവരുടെ രചനകള്‍ തന്നെയാണ്‌.

മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ കേരളത്തിലെ ബൌദ്ധികമേഖലയിലെ ചിലരെങ്കിലും സന്തോഷിച്ചു. അവര്‍ ഫെമിനിസ്റ്റ് ആണെന്നു വിശ്വസിച്ചുപോന്നവര്‍ കൂടുതല്‍ സന്തോഷിച്ചു. സ്‌ത്രീകളുടെ സ്വതന്ത്രപരമായ ഇടപെടലുകള്‍ക്കു പൊതുവെ വിലക്കുകളുള്ള ഒരു മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന്‌ ആ മതത്തെ, അതിന്റെ ശീലങ്ങളെ അടുത്തറിഞ്ഞ ശേഷം അതിനെതിരെ പ്രതികരിക്കുമെന്നും, അങ്ങനെ അവര്‍ സ്ത്രീകളുടെ നാക്കായി പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിച്ചു. തന്റെ ചുളുങ്ങിയ മുഖവും നരച്ച മുടിയും മറയ്ക്കാനാണു താന്‍ ഇസ്ലാം മതത്തില്‍ തുടരുന്നതെന്നു അവര്‍ പറഞ്ഞപ്പോള്‍ മാധവിക്കുട്ടിക്കു കല്‍പ്പിച്ചു നല്‍കിയ 'സ്ത്രീപക്ഷ' ത്തിന്റെ പക്ഷം ഒടിഞ്ഞുപോയി എന്നതാണ്‌ അവരുടെ സ്ത്രീവിരുദ്ധതയെ അളക്കാനുള്ള മുന്തിയ അളവുകോല്‍. ഞാന്‍, എന്റേത്‌ എന്നതിന്റെ അപ്പുറത്തുള്ള ഒരു ലിബറലിസവും മാധവിക്കുട്ടിയില്‍ നിന്നു പ്രതീക്ഷിക്കാന്‍ പാടില്ലായെന്ന സന്ദേശം കൊടുത്ത് ഫെമിനിസ്റ്റ് വാദികളേയും അവര്‍ അമ്പരപ്പിച്ചു.

അപരിഹാര്യമായ ചില ശരീരവാസനകളെക്കുറിച്ചു വീണ്ടും വീണ്ടും പറയുകയും അതിനെ പഴയ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ തളച്ചിട്ട് അതില്‍ ആനന്ദം കണ്ടെത്തുകയും വീട്ടിലെ വാല്യക്കാരെയും തോഴിയേയും കൂട്ടിച്ചേര്‍ത്ത് വള്ളുവനാടന്‍ കഥയിലെ നായികയെപ്പോലെ രമിക്കുകയും അതുവഴി ആത്മരതി അനുഭവിക്കുകയും ചെയ്തുപോന്ന മാധവിക്കുട്ടി, കൊഴിഞ്ഞ ഫ്യൂഡലിസത്തിന്റെ ജീര്‍ണ്ണതകളെ ഗൃഹാതുരത്വത്തോടെ താലോലിച്ചെടുത്തു കഥകള്‍ ചമച്ചപ്പോള്‍ കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ ഇടനിലങ്ങള്‍ ഉഴുതുമറിക്കാന്‍ പാകത്തിനുള്ള ഒന്നും അതിലുണ്ടായിരുന്നില്ല. മറിച്ച്‌ മറ്റുള്ളവര്‍ ഉഴുതുമറിച്ചുവന്നു പാകപ്പെട്ട നിലങ്ങളില്‍ അവരുടെ സൃഷ്ടികള്‍ക്കും ഇടതൂര്‍ന്നു വളരാന്‍ ഇടമുണ്ടായി.

താന്‍ ഒരു ഭീരുവല്ലാ എന്നാവര്‍ത്തിച്ചെഴുതുമ്പോഴൊക്കെ ജീവിതത്തിന്റെ മുന്നില്‍ പകച്ചുനിന്ന ഒരു കേവലസ്‌ത്രീയായിരുന്നു താന്‍ എന്നു മറച്ചുവെക്കാന്‍ മാധവിക്കുട്ടി സ്വയം ഒരു ഷോ ലേഡിയാകാന്‍ തെരഞ്ഞടുത്ത നിലപാടുകളിലെ അസ്വാരസ്യങ്ങളുടെ ചെറിയൊരു സൂചനയാണിവയെല്ലാം. മാധവിക്കുട്ടിയുടെ രചനകളോട് അത്യാദരവ്‌ സൂക്ഷിക്കുമ്പോഴും അവരുടെ നിലപാടുകള്‍ നൊമ്പരപ്പെടുത്തിയിരുന്ന എന്നെപ്പോലെ പലരുമുണ്ടാകുമെന്ന തോന്നലില്‍ കുറിച്ചവയാണിതെല്ലാം. ഇനിയും ഒരാള്‍ക്കും അനുകരിക്കാനാകാത്ത ദൃഢതയുള്ള ഭാഷയും ശീലവും മലയാളിമനസ്സില്‍ സന്നിവേശിപ്പിച്ചു കടന്നുപോയ മാധവിക്കുട്ടിക്കു എല്ലാ വിശേഷണത്തേക്കാളും 'കാലത്തെ നടുക്കിയ സ്‌ത്രീ'എന്ന വിശേഷണമായിരിക്കും കൂടുതല്‍ ചേരുക.

തനിക്കു ചുരുക്കം മലയാളം അക്ഷരങ്ങളേ അറിയൂ എന്നു മരണം വരെ ഇവര്‍ പറഞ്ഞിരുന്നതു എന്തിനായിരുന്നു എന്നുള്ളത് മറ്റൊരു ദുരൂഹതയായി അവശേഷിക്കുന്നു.അനുവാചകരെ എന്നും ഇങ്ങനെ കേള്‍വിക്കാരായി നിര്‍ത്തിയ എത്ര സാഹിത്യകാര്‍ നമുക്കുണ്ട്? മലയാളത്തിനു നഷ്ടപ്പെട്ടത് സൌന്ദര്യമുള്ള മുഖമോ ഭാഷയോ അല്ല, നമ്മള്‍ സാംസ്കാരികപരമായി നഗ്നരാണെന്നു ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്ന ഒരു ശബ്ദമാണ്‌. മലയാളത്തിന്റെ തീരാനഷ്ടം. തിരിച്ചുകിട്ടാത്ത ശബ്ദം.

17 comments:

അക്ഷരശക്തി said...
This comment has been removed by the author.
അക്ഷരശക്തി said...

പുരുഷന്റെ ജൈവകാമനകളുടെ ജീര്‍ണ്ണതയെ തന്റെ രചനകളുടെ തന്നെ കനവും കസവുമാക്കി മാറ്റിയ മാധവിക്കുട്ടി അതേ കാമനകളെ താലോലിക്കുന്നതും മലയാളി കണ്ടു. തന്റെ പിതാവിന്റെ സിഗാറിന്റെ സുഗന്ധത്തെ പുകഴ്ത്തിയ മാധവിക്കുട്ടി ബീഡി വലിക്കുന്ന ചെറുപ്പക്കാരുടെ വിയര്‍പ്പിന്റെ ദുര്‍ഗന്ധത്തെക്കുറിച്ചു പറഞ്ഞു. നഖത്തിന്റെ അടിയില്‍ അഴുക്കിരിക്കുന്ന വൃത്തികെട്ട പുരുഷനെക്കുറിച്ചു പറഞ്ഞ മാധവിക്കുട്ടി മദ്യപിക്കുന്ന മനുഷ്യന്റെ കുതിരശക്തിയെ സ്വപ്നം കാണുന്നു. പുലര്‍ച്ചെ ഉണര്‍ന്ന്‌ കക്കൂസില്‍ പുരുഷന്റെ മലം ഫ്ലഷ് ചെയ്യേണ്ട പെണ്ണിന്റെ ദുര്‍വിധിയെക്കുറിച്ചു പരിതപിച്ച മാധവിക്കുട്ടി പുരുഷന്റെ കക്ഷത്തിലെ ഗന്ധത്തെ രേതസ്സിന്റെ ഗന്ധവുമായി കൂട്ടിക്കെട്ടി ആസ്വദിച്ചു. മാധവിക്കുട്ടി ഓരോ വായനയിലും വായനക്കരെ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചുവലിച്ചു.

എതിരന്‍ കതിരവന്‍ said...

പറഞ്ഞതു ശരിയാണ്. പക്ഷെ ‘എന്റെ കഥ’ യ്ക്കു ശേഷം അവർ ഒരു ‘സെൻസേഷണൽ’ എഴുത്തുകാരിയായി തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായത്. ആണിന്റെ ചുരുങ്ങിയ ലൈംഗികാവയവത്തിന്റെ അഭംഗി മനസ്സിനും ഉണ്ടെന്നമാതിർ പരോക്ഷപ്രസ്തവാനകളൊക്കെ “ആണെഴുത്തു” കാരെ വിറളി പിടിപ്പിച്ചു. ചിലർ പരസ്യമായി യുദ്ധത്തിനിറങ്ങി. ചില സംവാദങ്ങളിലെ വ്യർത്ഥത തുറന്നു പറഞ്ഞു. ദേശീയ ഭാഷ എന്തായിരിക്കണമെന്ന ഒരു ചർച്ച (ഡെൽഹിയിൽ വച്ചോ മറ്റൊ)യിൽ മലയാളമായിരിക്കണം ദേശീയഭാഷ എന്നു വാദിച്ച് ഇറങ്ങിപ്പോയി.

മാധവിക്കുട്ടിയ്ക്കു തുല്യം മാധവിക്കുട്ടി മാത്രം.

അക്ഷരശക്തി said...

എതിരന്‍ കതിരന്‍,
ആദ്യകമന്റിനു നന്ദി. മാധവിക്കുട്ടിയെക്കുറിച്ചുള്ള നിരവധി പോസ്റ്റുകള്‍ക്കിടയില്‍ ഇതു വായിക്കപ്പെടാതെ പോകുമോ എന്നു ഞാന്‍ വിചാരിച്ചിരുന്നു.
ഇതു മാധവിക്കുട്ടിക്കൊരു സ്‌തുതിഗീതമല്ല, ആയമ്മയുടെ നിലപാടുകളില്‍ കണ്ടെത്തിയ ചില അസ്വാരസ്യങ്ങള്‍ മാത്രമാണ്‌.

എന്നും മാധ്യമങ്ങളുടെ മുന്നില്‍ ഒരു ഷോ ലേഡിയായി നില്‍ക്കാന്‍ അവര്‍ പുലര്‍ത്തിപ്പോന്ന വ്യഗ്രത, അതിനുവേണ്ടി ചമയ്ക്കപ്പെട്ട ഗിമ്മിക്സുകള്‍ ഇതെല്ലാം അവരെ വായിക്കുന്നവരെ അമ്പരിപ്പിക്കുന്നവയായിരുന്നു. നിര്‍വചിക്കാനാകത്ത നിലപാടുകളുടെ ഉടമയായി അവരെ കണ്ടിരുന്ന പലരില്‍ ഒരാള്‍ മാത്രമാണ്‌ ഞാന്‍. അങ്ങയുടെ അഭിപ്രായത്തോടു യോജിക്കുന്നു. മാധവിക്കുട്ടിക്കു തുല്യം മാധവിക്കുട്ടി മാത്രം.

എതിരന്‍ കതിരവന്‍ said...

അവർ ‘ഷോ ലേഡി’ ആയത് എഴുത്തുമായി വന്നതിനു ശേഷം വളരെക്കഴിഞ്ഞാണ്. കഥയിലും കവിതകളിലും പറഞ്ഞതൊന്നും പോരെന്നു തോന്നിയിട്ടാകണം.
സത്യങ്ങളാൺ അവർ പലപ്പൊഴും വിളിച്ചു പറഞ്ഞത്. സമൂഹത്തിന്റെ യുക്തി സത്യങ്ങളിന്മേൽ കെട്ടിപ്പടുത്തതല്ല. അതുകൊണ്ട് യുക്തിരാഹിത്യം വന്നു ഭവിക്കും. ഈ അയുക്തിയിൽ അവർ മുറുകെപ്പിടിച്ചു.

സാറാ ജോസഫ് ഒരു അഭിമുഖത്തിൽ:
“നമ്മുടേത് ഒരു സത്യസന്ധമായ ഒരു സമൂഹം ആയിരുന്നെങ്കിൽ മാധവിക്കുട്ടി നടത്തിയിട്ടുള്ള ഞെട്ടിപ്പിക്കലുകളിൽ വിവാഹം, കുടുംബം, സമൂഹം, സദാചാരം എന്നിവയെക്കുറിച്ച് ഒരു വീണ്ടുവിചാരത്തിനും തുറന്ന ചർച്ചയ്ക്കും ഒരുങ്ങുമായിരുന്നു. നിർഭാഗ്യവശാൽ നമ്മൾ ഒട്ടും സത്യസന്ധരല്ല. അതുകൊണ്ട് മാധവിക്കുട്ടിയെ ചീത്തപറഞ്ഞ് ഒതുക്കാൻ നോക്കുകയും കളിയാക്കിയും അപമാനിച്ചും അവർക്കെതിരെ കത്തുകൾ എഴുതിയും മോശപ്പെടുത്താൻ ശ്രമിക്കുകയുമണു ചെയ്യുന്നത്.......ഒരു സ്ത്രീ അസംതൃപ്തയാണെന്നു പറയുമ്പോൾ ഉടൻ തന്നെ അവളുടെ ലൈംഗിക അസംതൃപ്തി ഒരു കുറ്റമായിത്തീരും. ഒരു പുരുഷൻ അസംതൃപ്തനാണെങ്കിൽ അയാൽക്ക് കുടുംബം എന്ന സ്ഥാപനത്തിനകത്തു നിന്നുകൊണ്ടു തന്നെ നിരവധി അവസരങ്ങൾ ഉണ്ട്......എത്ര സ്ത്രീകൽക്ക്കു പറയാൻ സാധിക്കും ഞാൻ ലൈംഗികമായി സംതൃപ്തയാണെന്ന്. അതല്ലെങ്കിൽ പ്രണയത്തിന്റെ കാര്യത്തിൽ സംതൃപ്തയാണെന്ന്......”

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെ മാധവിക്കുട്ടിയെ കണ്ട ഈ പോസ്റ്റിനു നന്ദി.എന്നാൽ ആത്യന്തികമായി അവരെ ഏത് രീതിയിൽ കാണാനാണു നമ്മൾ ആഗ്രഹിയ്ക്കുന്നത് എന്നതാണു പ്രശ്നം.ചില അർത്ഥങ്ങളിൽ അവർ ഒരു “ഷോ ലേഡി” ആയിരുന്നു എന്ന വേണമെങ്കിൽ പറയാം.ഭംഗിയായി വസ്ത്രം ധരിയ്ക്കാനും, സുന്ദരിയായി പ്രത്യക്ഷപ്പെടാനും, തൊലികളിൽ ചുളിവുകളിൽ വീഴാതിരിയ്ക്കാനും അവർ എന്നും ശ്രദ്ധിച്ചിരുന്നു.ആ അർത്ഥത്തിൽ മാത്രമാണു ഞാനവരെ ഷോ ലേഡി ആയി കാണുന്നത്.എന്നാൽ അവരുടെ ഓരോ അഭിപ്രായങ്ങളുംഹൃദയത്തിൽ തട്ടി വരുന്നവയായിരുന്നു.താങ്കൾ ഇവിടെ ചൂണ്ടിക്കാട്ടിയ പല കാര്യങ്ങളും തുറന്നു പറയാൻ അവർ മടി കാട്ടിയിരുന്നില്ല എന്ന സത്യം അവശേഷിയ്ക്കുന്നു.വേണു ഗോപാൽ സുന്ദരനെന്നു പറയുമ്പോളും, ബാല ചന്ദ്ര മേനോന് ആരും കാണാത്ത നുണക്കുഴി ഉണ്ടെന്ന് പറയുമ്പോളും അവർ സത്യ സന്ധത സൂക്ഷിച്ചു.

സ്നേഹത്തെക്കുറിച്ച് അവരുടെ വീക്ഷണമാണു എനിയ്ക്കവർ പ്രിയപ്പെട്ടതാക്കി മാറ്റിയത്.അതിൽ എല്ലാം ഉണ്ട്.അതിൽ പ്രണയവും കാമവും ഉണ്ട്.അതല്ലെ യാഥാർത്ഥ്യവും?

സത്യത്തിൽ താങ്കൾ പറയുന്ന ഓരോ കാര്യങ്ങളും അല്ലേ അവരെ എന്നും വ്യത്യസ്ത ആക്കിയത്?

അക്ഷരശക്തി said...

ഒരു സ്ത്രീ അസംതൃപ്തയാണെന്നു പറയുമ്പോൾ ഉടൻ തന്നെ അവളുടെ ലൈംഗിക അസംതൃപ്തി ഒരു കുറ്റമായിത്തീരും. ഒരു പുരുഷൻ അസംതൃപ്തനാണെങ്കിൽ അയാൽക്ക് കുടുംബം എന്ന സ്ഥാപനത്തിനകത്തു നിന്നുകൊണ്ടു തന്നെ നിരവധി അവസരങ്ങൾ ഉണ്ട്......എത്ര സ്ത്രീകൽക്ക്കു പറയാൻ സാധിക്കും ഞാൻ ലൈംഗികമായി സംതൃപ്തയാണെന്ന്. അതല്ലെങ്കിൽ പ്രണയത്തിന്റെ കാര്യത്തിൽ സംതൃപ്തയാണെന്ന്......”

എതിരന്‍ കതിരന്‍,
ഒരുപാടുകാര്യങ്ങള്‍ പറയേണ്ടിവരുന്ന ഒരു വിഷയമാണിത്. ഈ ലേഖനത്തിന്റെ അവസാനം എഴുതിയതുപോലെ, നമ്മള്‍ നഗ്നരാണെന്നു വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന ഒരു ശബ്ദമാണു മാധവിക്കുട്ടിയിലൂടെ നഷ്ടപ്പെട്ടത്.

നമ്മുടെ സാഹിത്യത്തിനു്‌ ലൈംഗികതയെ പേടിയാണ്‌. മനസ്സെന്ന കോമ്പസ്സുകൊണ്ടു പ്രണയത്തിനായി വരച്ച ഒരു വൃത്തത്തിനപ്പുറത്തേക്കു ആണ്‍പെണ്‍ബന്ധങ്ങളെക്കൊണ്ടുപോകാന്‍ എല്ലാവര്‍ക്കും ഭയമാണ്‌. അവകാശങ്ങള്‍ക്കായി ജീര്‍ണ്ണിച്ച അധികാരാംശങ്ങളോടു പടവെട്ടാന്‍ കാണിച്ചുപോന്ന ആര്‍ജ്ജവം ഏറെക്കണ്ടിട്ടുള്ള നമ്മുടെ സാഹിത്യമേഖലയില്‍ നിന്നും സ്വന്തം ശരീരത്തിന്റെ അധികാരങ്ങളെക്കുറിച്ചും അതിന്റെ ജീര്‍ണ്ണതകളിലേക്കും ഒരെത്തിനോട്ടമെങ്കിലും ആവശ്യമാണെന്നു ആദ്യം പറഞ്ഞതു മാധവിക്കുട്ടിയാണ്‌.
സമയക്കുറവുണ്ട്..മടങ്ങിവരാം.

അനില്‍@ബ്ലോഗ് said...

മാധവിക്കുട്ടിയെക്കുറിച്ച് അടുത്തിടെ കണ്ടതില്‍ വച്ചേറ്റവും വസ്തുനിഷ്ഠമായൊരു പോസ്റ്റ്. അതിനുള്ള അഭിനന്ദനം അറിയിക്കട്ടെ.
എവിടെ കമന്റണം എന്നറിയാത്തകാരണം കണ്‍ഫ്യൂഷനിലായി.
:)

വളരെ സിമ്പിളായിപ്പറഞ്ഞാല്‍, താനൊരു സ്ത്രീയാണ് എന്ന ബോദ്ധ്യം വളരെ കൃത്യമായി ഉപയോഗപ്പെടുത്തിയൊരെഴുത്തുകാരി. പ്രണയത്തെക്കുറിച്ചും ലൈംഗിക കാമനകളെക്കുറിച്ചും സംസാരിച്ചവര്‍ മനുഷ്യന്റെ മനസ്സിലേക്കിടിച്ചു കയറി.മലയാളിയുടെ പ്രണയാതുരമായ മനസ്സവര്‍ ചൂഷണം ചെയ്തു. അതി ശക്തമായൊരു ചെറുത്തുനില്‍പ്പ് നടത്തിയതിനാല്‍ എനിക്കു പിടിച്ചു നില്‍ക്കാനായി. വായനയില്‍ എന്തുകൊണ്ടോ മാധവിക്കുട്ടിയെ ഒഴിവാക്കി, തെറ്റാണോ ശരിയാണോ എന്നൊന്നും എനിക്കറിയില്ല.

ഏതായാലും ചര്‍ച്ച വീക്ഷിക്കാന്‍ താത്പര്യമുണ്ട്.

Anonymous said...

വായിച്ചതില്‍ വ്യത്യസ്താനുഭവമുണ്ടായിരുന്ന ഈ ലേഖനത്തിനെ അഭിനന്ദിച്ചുകൊണ്ടു തന്നെ പറയെട്ടെ, സാഹിത്യാഭിരുചിയുള്ള 'ഇളക്കക്കാരിയായ' ഒരു കൊച്ചമ്മ, അതിനപ്പുറം മാധവിക്കുട്ടിയെക്കാണാന്‍ ഭൂരിപക്ഷം മലയാളിക്കായിട്ടില്ല. ഇതിനുത്തരം അവരുടെ നിലപാടുകള്‍ തന്നെയാണ്‌. അതില്‍ പ്രധാനമോ ഒരാളുടെ പ്രണയം മോഹിച്ചുള്ള മതംമാറ്റവും.

ഇപ്പോള്‍ ദേ മാധവിക്കുട്ടി പ്രണയിച്ചതു പരമസ്‌നേഹിയായ അള്ളാവിനെയാണു എന്നു പറഞ്ഞു കോഴിക്കോട് ഇസ്ലാമിക് പബ്ലിക് ഹൌസ്‌ മാധവിക്കുട്ടിയുടെ പുസ്തകങ്ങളിറക്കുന്നു. 'യാ അല്ലാഹ്‌' എന്ന പേരില്‍. തന്റെ യഥാര്‍ത്ഥ സ്‌നേഹഭാജനത്തെ സന്ധിക്കുവാനാണ്‌ അവര്‍ ഇസ്ലാമിലെത്തിയതെന്ന പേരില്‍. ഒരു മതനേതാവിനെ പ്രണയിച്ചതിന്റെ പേരിലാണ്‌ തനിക്കു മതം മാറേണ്ടിവന്നതെന്നും തനിക്കു പറ്റിയ അബദ്ധത്തെ തിരിച്ചറിയുന്നുവെന്നും അവര്‍ തന്നെ പറഞ്ഞിട്ടും മാധവിക്കുട്ടിയിലെ പൊള്ളുന്ന വെയിലിനെ നിലാവാക്കിയത് അള്ളഹുവാണെന്ന രീതിയിലാണ്‌ പുസ്തകമിറങ്ങുന്നത്.കഥകള്‍ അങ്ങനെ തുടരട്ടെ.ഒപ്പം ചര്‍ച്ചയും.

kichu said...

അജീഷ്

ആദ്യമയാണിവിടെ.

ഈ പോസ്റ്റ് സംവദിച്ച വ്യത്യസ്ത അനുഭവത്തിന് നന്ദി. അജീഷിന്റെ ബ്ലോഗ് നാമം പോലെ മാധവിക്കുട്ടിയുടെ, .. (കമല ദാസിന്റെ.. കമലാ സുരയ്യയുടെ.. പേരു എന്തുമാകട്ടെ)എഴുത്തിന്, ആ അക്ഷരങ്ങള്‍ക്ക് അപാര ശക്തിയുണ്ട്. പല കാര്യങ്ങളിലും അവരോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും.. ആ അക്ഷര ശക്തിയില്‍ മറ്റെല്ലാം മറക്കാന്‍ നിര്‍ബന്ധിതയാവുന്നു.

കാട്ടിപ്പരുത്തി said...

നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍-
ചില അഭിപ്രായങ്ങള്‍ കുറിക്കട്ടെ.

മാധവിക്കുട്ടിയുടെ മനോഭാവങ്ങളിലെയും നിലപാടുകളിലെയും അസ്ഥിരത അവരുടെ കലാകാരിയിലെ ക്വാളിറ്റിയാണെതെന്നാണു ഞാന്‍ കരുതുന്നത്.

ഒരു ബഷീര്‍ സ്മരണയില്‍ എന്‍.പി. മുഹമ്മദ് പറയുന്നത് കേട്ടത്, ഞങ്ങളില്‍ നിന്നെല്ലാം ബഷീറിനെ ഉയര്‍ത്തുന്നത് അയാളുടെ ഭ്രാന്താണ് എന്നായിരുന്നു, ഒരു നിലപാടിലുറച്ചു നില്‍ക്കാത്ത മാധവിക്കുട്ടിയാണ് അവരുടെ എഴുത്തിന്റെ ശക്തിയെന്നെനിക്കു തോന്നുന്നു. അതോടൊപ്പം തന്നെ അവരെ നാം സ്നേഹിക്കുന്നത് അവരുടെ സത്യസന്ധതയിലാണ്. നമുക്കറിയാവുന്ന രണ്ടു ശരികളായിരുന്നു ബഷീറും മാധവിക്കുട്ടിയും.

എന്റെ ഒരു ചെറിയ വിലയിരുത്തലിവിടെയുണ്ട്-

ഇവിടെ ഞെക്കുക

Ashly A K said...

The best post written on her. Liked it.

അക്ഷരശക്തി said...

എതിരന്‍‌ കതിരന്‍‌,
ഈ ഒരു സന്ദര്‍‌ശനം‌ തന്നെ വളരെ വലുതായി കാണുന്നു. നന്ദി

സുനില്‍‌
നിങ്ങളോട് യോജിക്കുന്നു.ഈ നിലപാടുകളിലെ വ്യത്യസ്തത തന്നെയാണ് അവരെ ഏറെ പ്രിയം‌കരിയാക്കിയതും.

അനില്‍‌
നന്ദി. ഈ സന്ദര്‍‌ശനത്തിന്, അഭിനന്ദനങ്ങള്‍‌ക്ക്. എന്റെ ആദ്യത്തെ ഉദ്യ്യമമായിരുന്നു ഇത്.

അനോണിമസ്, താങ്കള്‍‌ ആരായിരുന്നാലും‌ നന്ദി

കിച്ചു,
സന്ദര്‍‌ശനത്തിനു നന്ദി. ഞാന്‍‌ താങ്കളുടെ ബ്ലോഗ് സന്ദര്‍‌ശിച്ചു. വളരെ രസകരം. പ്രോത്സാഹനങ്ങള്‍‌ക്കു നന്ദി.

കാട്ടിപ്പരുത്തി,
ഞാന്‍‌ താങ്കളെഴുതിയതും വായിച്ചു ആസ്വദിച്ചു..നന്ദി

Ashly
Thank you for this good words. Thanks

പാര്‍ത്ഥന്‍ said...

മാധവിക്കുട്ടി എന്തുതന്നെയായാലും, അവരുടെ കുടുബസ്വത്തുക്കൾ ചുളുവിൽ അടിച്ചെടുക്കാൻ പറ്റാത്ത
വിഷമം അന്നാട്ടിലെ ചിലരിൽ ഉണ്ട്. അതിനുള്ള ഒരുക്കങ്ങളായിരുന്നു സ്നേഹ/പ്രേമ/വിവാഹ വാഗ്ദാനങ്ങളും, അക്കാദമിക്ക് സ്വത്ത് എഴുതിവെക്കലും അവരുടെ നിഷേധിക്കലും എല്ലാം. ചില നാട്ടുവിവരങ്ങളാണിതെല്ലാം.

സന്തോഷ്‌ പല്ലശ്ശന said...
This comment has been removed by the author.
അരുണ്‍ കായംകുളം said...

മാധവിക്കുട്ടി പ്രണയത്തിന്‍റെ രാജ്ഞി എന്ന് മാത്രമേ അറിയുമായിരുന്നുള്ളു.ഈ ലേഖനം മറ്റൊരു ചിന്തയുണര്‍ത്തി.ഒന്നും പറയുന്നില്ല, മരിച്ച് പോയവരെ പറ്റി ഇനി എന്തിനാ ഒരു വിവാദം

Unn! said...

good