Wednesday, February 4, 2009

എന്നെത്തേടി

അടുക്കളയില്‍, അടുപ്പിന്റെ താഴെ
വിറകിന്‍കൊള്ളിക്കള്‍ക്കിടയില്‍ നിന്ന്
ഒരു വള കളഞ്ഞുകിട്ടി
അത്‌ അമ്മയുടേതായിരുന്നു

ചുരുട്ടിയിട്ട കടലാസുകൂട്ടത്തിന്റെ
ചിതലരിച്ച മൂലയില്‍ നിന്ന്
പൊട്ടിയ കണ്ണടയും,
ഒരു മഷിക്കുപ്പിയും കളഞ്ഞുകിട്ടി
അത്‌ അച്ഛന്റേതായിരുന്നു.

തെക്കിനിയില്‍
ഒഴിഞ്ഞ കട്ടിലിനടിയില്‍ നിന്നും
നറുനെയ്യ് മണക്കുന്ന
ഒരുരുള ചോറു കളഞ്ഞുകിട്ടി
അതു മുത്തശ്ശിയുടേതായിരുന്നു.

കൂമനുറങ്ങുന്ന പൊന്തക്കാട്ടിലെ
ദര്‍ഭകൂട്ടത്തിനിടയില്‍ നിന്നും
ഒരു ശവശരീരം കളഞ്ഞുകിട്ടി
അതു പെങ്ങളുടേതായിരുന്നു.

കളഞ്ഞുകിട്ടിയവ കൂട്ടിയിട്ട
നിലവറയില്‍
വെറുപ്പിന്റെ തിമിരതാളങ്ങള്‍‌ക്കിടയില്‍
ഞാന്‍‌ ഇപ്പോള്‍‌ തിരയുന്നത്
ആത്മാവിനെയാണ്
എന്റെ സ്വന്തം‌ ആത്മാവ്.

4 comments:

വര്‍ണ്ണക്കടലാസ്സ്‌ said...

കൂമനുറങ്ങുന്ന പൊന്തക്കാട്ടിലെ
ദര്‍ഭകൂട്ടത്തിനിടയില്‍ നിന്നും
ഒരു ശവശരീരം കളഞ്ഞുകിട്ടി
അതു പെങ്ങളുടേതായിരുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

അക്ഷരശക്തിയില്‍ മെനഞ്ഞെടുത്ത ഈ താളിലെ കൂട്ടിയിട്ട വാക്കുകള്‍ക്കിടയില്‍ നിന്നു എനിക്ക് കളഞ്ഞു കിട്ടിയത് ഒരു നല്ല കവിതയായിരുന്നു...
:)

Anonymous said...

nice one

ശ്രീഇടമൺ said...

കവിത വളരെ നന്നായിട്ടുണ്ട്...
ആശംസകള്‍...*