Thursday, January 22, 2009

പള്ളിക്കൂടം, ഓര്‍മ്മകള്‍ തിരിച്ചുനടത്തുന്നത്

ഓര്‍മ്മയുടെ മടക്കില്‍നിന്ന്‌
തിരിച്ചുനടത്തുന്നത്
കീശയിലെ പളുങ്കു ഗോട്ടികള്‍
കൂട്ടിമുട്ടുമ്പോഴത്തെ കള്‌ കള്‌ത്ത ഒച്ചയാണ്‌.

കല്ലെറിഞ്ഞ നാട്ടുമാവില്‍ നിന്നെല്ലാം
പുളിച്ച ചീത്തകേട്ട്‌
പിന്‍വാങ്ങുന്നതിലെ അമര്‍ഷം
കൊഞ്ഞനം കുത്തി തീര്‍ക്കുമ്പോഴും
പെരുവിരല്‍ ഉരുളന്‍ കല്ലില്‍
തട്ടി കട്ടപിടിച്ച വേദനയാണ്
മനസ്സില്‍ തങ്ങിനില്‍ക്കുന്നത്.

കല്ലുസ്ലേറ്റ്‌ മായ്‌ക്കാന്‍
ഊത്താലും മഷിത്തണ്ടും പോരാഞ്ഞ്‌
തുപ്പലും പുരട്ടുമ്പോഴാണ്‌
നടുപ്പുറത്ത്‌ വീഴുന്ന ചൂരലിന്‍
പൊള്ളല്‍ തലകറക്കുന്നത്.

വെയിലിനു ചൂടേറുമ്പോള്‍
ആവികനക്കുന്ന ഓടില്‍ നിന്നും പിടിവിട്ട്
കഴുക്കോലില്‍ പറ്റാന്‍ കഴിയാതെ
ചൊറിയന്‍ പുഴു പുറത്തുവീണു
ചൊറിഞ്ഞു ചൊറിഞ്ഞു
പകതീരാതെ മാന്തിപ്പൊളിച്ച്‌
തടിച്ചു വീര്‍ത്ത വന്‍കരപ്പാടുകളാണ്‌.

എന്നാലും നട്ടുച്ചക്ക്‌
നീണ്ട ബെല്ലിനുള്ള കാതോര്‍ക്കലാണ്‌
കഞ്ഞിപ്പുരയിലെ ആവി മണത്ത്‌
കൊതി അണപൊട്ടിയൊഴുകിത്തുടങ്ങി-
യിട്ടുണ്ടാകും അന്നേരം.

വീര്‍ത്ത പള്ളയുടെ സുഖമാണ്‌,
വിയര്‍പ്പിന്റെ കീഴ്‌പോട്ടുള്ള
താളമാണ്‌ ഇസ്‌കൂള്‌.

-അജീഷ്‌

6 comments:

വര്‍ണ്ണക്കടലാസ്സ്‌ said...

ബൂലോകത്തിലേക്കുള്ള ആദ്യത്തെ കാല്‍വെയ്പ്പാണ്‌.
എല്ലാവരുടേയും അനുഗ്രഹമുണ്ടായിരിക്കണമെന്ന ഒരു പ്രാര്‍ത്ഥനയോടെ, ഈ വരികള്‍ നിങ്ങളുടെ സമക്ഷം.
...
എന്നാലും നട്ടുച്ചക്ക്‌
നീണ്ട ബെല്ലിനുള്ള കാതോര്‍ക്കലാണ്‌
കഞ്ഞിപ്പുരയിലെ ആവി മണത്ത്‌
കൊതി അണപൊട്ടിയൊഴുകിത്തുടങ്ങി-
യിട്ടുണ്ടാകും അന്നേരം.

ജ്വാലാമുഖി said...

വളരെ നല്ല തുടക്കം
നല്ല കവിത
ഇതാരും കണ്ടില്ലാ എന്നു തോന്നുന്നു ഇവിടെ...

കൃഷ്‌ണ.തൃഷ്‌ണ said...

കല്ലുസ്ലേറ്റ്‌ മായ്‌ക്കാന്‍
ഊത്താലും മഷിത്തണ്ടും പോരാഞ്ഞ്‌
തുപ്പലും പുരട്ടുമ്പോഴാണ്‌
നടുപ്പുറത്ത്‌ വീഴുന്ന ചൂരലിന്‍
പൊള്ളല്‍ തലകറക്കുന്നത്.
--------------
അക്ഷരങ്ങള്‍ കൊണ്ടു ഹൃദയത്തെ തൊടുന്നുണ്ടു ഈ വരികള്‍.

ബൂലോകത്തിലേക്കു സ്വാഗതം.

പകല്‍കിനാവന്‍ | daYdreaMer said...

ഓര്‍മയില്‍ എപ്പോഴും വസന്തം വിരിയിക്കുന്ന വരികള്‍... !!

എന്നാലും നട്ടുച്ചക്ക്‌
നീണ്ട ബെല്ലിനുള്ള കാതോര്‍ക്കലാണ്‌
കഞ്ഞിപ്പുരയിലെ ആവി മണത്ത്‌
കൊതി അണപൊട്ടിയൊഴുകിത്തുടങ്ങി-
യിട്ടുണ്ടാകും അന്നേരം.


നന്നായിരിക്കുന്നു... തുടക്കം കൊള്ളാം.. ആശംസകള്‍...

ഇന്ദുലേഖ said...

evideyokkeyo koottikkontupoya varikal ullil pazhaya schoolkalam enthokkeyo sankadangal odivannu manassu thottu

ഇന്ദുലേഖ said...

evideyokkeyo koottikkontupoya varikal ullil pazhaya schoolkalam enthokkeyo sankadangal odivannu manassu thottu