പല പേരില്‍ അറിയപ്പെടുന്ന ഒരു വ്യക്തി, അതും സാഹിത്യത്തില്‍, ഒരു പക്ഷേ ചരിത്രത്തില്‍ തന്നെ ഒരാളേ കാണൂ. കമലാദാസ് എന്ന സാഹിത്യകാരി. ആമി, മാധവിക്കുട്ടി, കമലാദാസ്, കമലാ സുരയ്യ, എന്നതിനൊക്കെ പുറമേ, മലയാളികള്‍ ചര്വ്വിതചര്വണമാക്കിയ നീര്‍മാതളം, നീലാംബരി, പുന്നയൂര്‍ക്കുളം, എന്തിനു പറയണം ഫെമിനിസം, പെണ്ണെഴുത്ത്, സ്നേഹം, കാമം , നെയ്പ്പായസം എന്നൊക്കെ എഴുതിക്കണ്ടാല്‍ പോലും മലയാളികള്‍ ഓര്‍ത്തെടുത്ത് എത്തിച്ചേരുന്ന ഒരു മുഖമായി മാറിയ മലയാള സാഹിത്യത്തിലെ 'ഷോ ലേഡി' ഇന്ന് എല്ലാ ദുരൂഹതകളും ബാക്കിവെച്ച് കഥാവശേഷയായി. ഭാവിയില്‍ ആരെങ്കിലും ഈ സാഹിത്യകാരിയെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ ഏതു പേരില്‍ നിന്നു തുടങ്ങണമെന്നത് ഓരോരുത്തരുടേയും അഭിരുചിയുമായി ബന്ധപ്പെട്ടിരിക്കും എന്ന ഒരു പ്രത്യേകത അവശേഷിപ്പിച്ചിട്ടാണ് കമലാദാസ് യാത്രയായത്.
കമലാദാസ് എന്ന മാധവിക്കുട്ടിയുടെ സാഹിത്യസൃഷ്ടികളെക്കുറിച്ചല്ല, മറിച്ച് അവര്‍ കാലാകാലങ്ങളായി സ്വീകരിച്ചുപോന്ന നിലപാടുകളിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചു സൂചിപ്പിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. വളരെയേറെ ആദരവര്‍ഹിക്കുന്ന അവരുടെ ഭാഷയ്ക്കും ചാരുതയാര്‍ന്ന അവതരണങ്ങള്‍ക്കും അതിമനോഹരങ്ങളായ സാന്ദര്‍ഭിക സൃഷ്ടികള്‍ക്കും അതിലെല്ലാമുപരി, കാലത്തെ നടുക്കിയ സ്ത്രീ എന്നുള്ള അപദാനത്തെയും മനസാ നമിച്ചുകൊണ്ടു തന്നെ മാധവിക്കുട്ടിയുടെ ഇന്നോളമുണ്ടായിരുന്ന ചില സാമൂഹിക ഇടപെടലുകളെക്കുറിച്ചു പരാമര്‍ശിക്കുകയാണിവിടെ.
മാധവിക്കുട്ടിയുടെ മനോഭാവങ്ങളും,നിലപാടുകളും രാഷ്ട്രീയവും എന്തായിരുന്നു എന്നു പരിശോധിച്ചാല്‍ സുസ്ഥിരമായ ഒരു ത്രെഡില്‍ ചേര്‍ന്നുനിന്നുകൊണ്ടുള്ള സമീപനമായിരുന്നില്ല ജീവിതത്തോടും സാഹിത്യത്തോടും അവര്‍ക്കുണ്ടായിരുന്നത് എന്ന് ഏതൊരാള്‍ക്കും വലിയ ധിഷണാവ്യായാമം ഇല്ലാതെ തന്നെ മനസ്സിലാക്കാന്‍ സാധിക്കും.
'പെണ്ണെഴുത്തിന്റെ രാജ്ഞി', 'എഴുത്തിലെ സ്വാതന്ത്ര്യം' 'തുറന്നെഴുത്ത്' എന്നൊക്കെയുള്ള ഫെമിനിസ്റ്റ് വിശ്ളേഷണവിശേഷങ്ങള് ചാര്‍ത്തിക്കൊടുക്കുമ്പോഴും മാധവിക്കുട്ടി പലപ്പോഴും സ്ത്രീയുടെ തന്നെ ശത്രുവായ ഒരു കേവല സ്ത്രീയായി പെരുമാറുന്നതു നാം കണ്ടിട്ടുണ്ട്. സ്ത്രീയുടെ എല്ലാ നൊമ്പരങ്ങളും ലൈംഗികമാണെന്ന രീതിയില്‍ എഴുതി സ്ത്രീയെ വളരെ ചെറുതാക്കിയ മാധവിക്കുട്ടി തന്റേതല്ലാത്ത വിചാരങ്ങളും ശരികളും ഇതരസ്ത്രീയുടേതുമല്ല എന്നു ഉറക്കെ വിശ്വസിച്ചിരുന്നു. പുരുഷനെ ഭയപ്പാടോടെ കാണാന്‍, പലപ്പോഴും അറപ്പോടെ കാണാന്‍ പ്രേരിപ്പിക്കും വിധം എഴുതിയ മാധവിക്കുട്ടി പുരുഷന്റെ പ്രണയത്തെ അത്യധികമായി മോഹിക്കുന്നതിനെക്കുറിച്ചും പുരുഷനില്‍ നിന്നും ലഭിക്കേണ്ട സുഖകരമായ ഒരു അവസാനത്തേക്കുറിച്ചും സ്വപ്നം കാണുന്നു.
അപഹരിക്കപ്പെട്ടവന്റെ ആകുലതകളെ വേദനാംശങ്ങള് കൂട്ടിക്കലര്ത്തിപറയുന്ന അതേ നാവു കൊണ്ട് അവര്‍ വിധേയത്വത്തോടെ അധികാരത്തേയും സ്തുതിച്ചിരുന്നു. പൊക്രാനില്‍ അണുബോംബ് പരീക്ഷിച്ചപ്പോള്‍ രാജ്യസ്നേഹത്തിന്റെ പേരില്‍ പായസം വിളമ്പിയ മാധവിക്കുട്ടി സോമാലിയന്‍ കുഞ്ഞുങ്ങളെയോര്‍ത്തും മുലപൊട്ടിമരിക്കുന്ന അമ്മമാരെക്കുറിച്ചും ഓര്‍ത്തു നൊമ്പരപ്പെട്ടു. തനിക്കുനേരെ വിരല്‍ ചൂണ്ടിയേക്കാം എന്നു സംശയിച്ചു സാഹിത്യ, സാംസ്കാരിക മേഖലയിലെ അധികാരത്തെ വിമര്‍ശിച്ചിരുന്ന മാധവിക്കുട്ടി തനിക്കുപദ്രവകാരികളല്ലാത്ത രാഷ്ട്രീയാധികാരികളെ വല്ലാതെ സ്നേഹിച്ചു. വാജ്പേയിയേയും ഇന്ദിരാഗാന്ധിയേയും പുകഴ്ത്തിയ മാധവിക്കുട്ടി കരുണാകരനേയും അച്ചുതാനന്ദനേയും വാഴ്ത്തി. തന്റെ സൌന്ദര്യത്തിനും കുലീനതക്കും കോട്ടം തട്ടുന്ന ഒന്നിലേക്കും ഇറങ്ങിവരാതെ, പഴയ ഫ്യൂഡല്‍ ജീര്‍ണ്ണതയെ പുണര്‍ന്നു, അതിനുള്ളീല്‍ നിന്നു കലഹിച്ചുകൊണ്ടൂ സാമൂഹികപ്രതിബദ്ധതയെക്കുറിച്ചു സംസാരിച്ചു. അധികാരത്തെ ഒരിടത്തു വിമര്‍ശിക്കവേ മറ്റൊരിടത്തു വിധേയത്വത്തോടെ പൂജിക്കുന്ന മാധവിക്കുട്ടിയുടെ രാഷ്ട്രീയം മറ്റൊരു ദുരൂഹതയായി അവര്‍ മലയാളിക്കു മുന്നിലിട്ടുകൊടുത്തു.
പുരുഷന്റെ ജൈവകാമനകളുടെ ജീര്‍ണ്ണതയെ തന്റെ രചനകളുടെ തന്നെ കനവും കസവുമാക്കി മാറ്റിയ മാധവിക്കുട്ടി അതേ കാമനകളെ താലോലിക്കുന്നതും മലയാളി കണ്ടു. തന്റെ പിതാവിന്റെ സിഗാറിന്റെ സുഗന്ധത്തെ പുകഴ്ത്തിയ മാധവിക്കുട്ടി ബീഡി വലിക്കുന്ന ചെറുപ്പക്കാരുടെ വിയര്‍പ്പിന്റെ ദുര്‍ഗന്ധത്തെക്കുറിച്ചു പറഞ്ഞു. നഖത്തിന്റെ അടിയില്‍ അഴുക്കിരിക്കുന്ന വൃത്തികെട്ട പുരുഷനെക്കുറിച്ചു പറഞ്ഞ മാധവിക്കുട്ടി മദ്യപിക്കുന്ന മനുഷ്യന്റെ കുതിരശക്തിയെ സ്വപ്നം കാണുന്നു. പുലര്‍ച്ചെ ഉണര്‍ന്ന് കക്കൂസില്‍ പുരുഷന്റെ മലം ഫ്ലഷ് ചെയ്യേണ്ട പെണ്ണിന്റെ ദുര്‍വിധിയെക്കുറിച്ചു പരിതപിച്ച മാധവിക്കുട്ടി പുരുഷന്റെ കക്ഷത്തിലെ ഗന്ധത്തെ രേതസ്സിന്റെ ഗന്ധവുമായി കൂട്ടിക്കെട്ടി ആസ്വദിച്ചു. മാധവിക്കുട്ടി ഓരോ വായനയിലും വായനക്കരെ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചുവലിച്ചു. എഴുത്തു പോലെ ജീവിതവും ദുരൂഹമാക്കി ജീവിക്കുവാന്‍ അവര്‍ എന്നേ നിശ്ചയിച്ചിരുന്നു എന്നു തോന്നിപ്പിക്കും വിധമായിരുന്നു അവരുടെ പില്ക്കാലജീവിതം. അതു മനസ്സിലാക്കാതെയാണ് മലയാളി അവരെ സദാചാരത്തിന്റെ പേരില്‍ കല്ലെറിഞ്ഞുകൊണ്ടിരുന്നത്.
കമലാദാസ് മതം മാറ്റത്തിലൂടെ മലയാളിക്കു നല്കിയ സന്ദേശങ്ങളെക്കുറിച്ചു ഇസ്ലാം അനുയായികളും, അവര്‍ ചെയ്ത അബദ്ധജടിലതയെക്കുറിച്ചു ഹിന്ദുമതക്കാരും അന്യോന്യം സ്വതസിദ്ധമായ രീതിയില്‍ വിമര്ശിച്ചുകൊണ്ടേയിരിക്കെ 'തനിക്കു മതം മടുത്തു' എന്നു പറഞ്ഞ് അവര്‍ മലയാളിയെ വീണ്ടും വിസ്മയിപ്പിച്ചു. ഹിന്ദുമതമല്ല, ഇസ്ലാം മതമല്ല, സ്നേഹമായിരുന്നു കമലാദാസിന്റെ മതമെന്നു 'ഫിക്ഷന്‍' രീതിയില്‍ സ്തുതിച്ചു പ്രതിരോധിച്ചുവന്നവരുടെ ഇടയില്‍ നിന്ന് 'സ്നേഹം തരാമെന്നു പറഞ്ഞ് ഒരാളെ എന്ന പറഞ്ഞു പറ്റിച്ചു. അയാള്‍ക്കുവേണ്ടിയാണ് ഞാന്‍ മതം മാറിയത്' എന്നവര്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഇളിഭ്യരായത് സ്നേഹത്തിന്റെ മതത്തിനുവേണ്ടി വാദിച്ചവരാണ്.
മാധവിക്കുട്ടി താന്‍ സുന്ദരി ആണെന്നു വിശ്വസിച്ചിരുന്നതുപോലെ തന്നെ വ്യത്യസ്തയാണെന്നും വിശ്വസിച്ചുകൊണ്ടേയിരുന്നു എന്നതാണ് സത്യം. ആദ്യ എഴുത്തു മുതല്‍ അവസാന എഴുത്തു വരെ അവര്‍ ആ ഒരു ശൈലി തുടര്‍ന്നു, മാത്രമല്ല, തന്റെ രചനയില്‍ തന്റെ വ്യത്യസ്തത എന്താണെന്നു അറിയാന്‍, തന്നെ ഉദ്വേഗത്തോടെ വായിപ്പിക്കാന്‍ വായനക്കാരെ നിരന്തരം നിര്‍ബന്ധിക്കാന്‍ ഇടം കൊടുത്തു എന്ന ഒറ്റക്കാരണത്താല്‍ അവര്‍ മലയാളത്തിലെ പ്രഗല്ഭയായ എഴുത്തുകാരി എന്ന പദവിക്കു സര്‍വദാ അര്‍ഹയാണ്. മാധവിക്കുട്ടിയുടെ രചനകള്‍ കുലീനയായ ഒരു വീട്ടമ്മയുടെ ആത്മരഹസ്യങ്ങളായിരിക്കുമെന്നുള്ള മുന്വിധികൂടിയാകാം അവരെ ഏറെ ഉദ്വേഗത്തോടെ വായിപ്പിക്കാന്‍ മലയാളിയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. അവരുടെ സാഹിത്യത്തിന്റെ ക്രാഫ്റ്റിനേക്കാള്‍, അതിലെ രത്യംശങ്ങള്‍ തേടുക എന്നത് മലയാളി ശീലമാക്കുകയും ചെയ്തു.
ജീവിതത്തില്‍ പൊതുവേ അസുരക്ഷിതയും ഭീരുവുമായിരുന്ന ഒരു സ്ത്രീ തന്നിലെ അപകര്‍ഷതയെ മറയ്ക്കാന്‍ തന്റെ ഭാവനകളില്‍ ഭീതിയില്ലാത്തവളായി ഇറങ്ങിവരുന്ന സില്‍വിയാ പ്ലാത്തിന്റെ രചനകളിലെ അതേ സ്വത്വമായിരുന്നു മാധവിക്കുട്ടി അവലംബിച്ചുപോന്നത് എന്നത് അവരുടെ പുസ്തകങ്ങളെ കാര്യമായി വായിച്ചവര്ക്കു പെട്ടെന്നു മനസ്സിലാകും. ആ സ്വത്വം ഒരു ദ്രാവിഡിയന്‍ രക്തത്തില്‍ എത്രമാത്രം അസ്വതന്ത്രയാണെന്ന വിളിച്ചോതല്‍ അവരെ ചെറുപ്പത്തിലേ ശ്രദ്ധേയയാക്കി. ആ ശ്രദ്ധ ഒരു ആഘോഷമായപ്പോള്‍ താന്‍ സ്വയം ഒരു ഷോ ലേഡി ആണെന്നു അവര്‍ തിരിച്ചറിഞ്ഞു. മരണം വരെ ആ ഭാവം കൈവിട്ടിരുന്നില്ല. പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നിട്ടും, സില്‍വിയ പ്ലാത്തിനെപ്പോലെ പകുതിവഴിയില്‍ വെച്ചു തിരികെപ്പോകാന്‍ അവര്‍ കൂട്ടാക്കാതിരുന്നതും ഇതേ ദ്രാവിഡരക്തത്തിന്റെ ശക്തിയാണ് എന്നതില്‍ നമുക്കു സന്തോഷിക്കുകയും ചെയ്യാം.
ഒരു സാഹിത്യകാരനോ സാഹിത്യകാരിക്കോ ഉണ്ടായിരിക്കണമെന്നു സമൂഹം ആഗ്രഹിക്കുന്ന സാമാന്യമര്യാദകള്ക്കപ്പുറത്തു നിന്നുകൊണ്ട് താന്‍ എന്താണു പറയുന്നതെന്നോ, അതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്നോ അറിയാതെ, പ്രത്യേകിച്ചു യാതൊരുവിധ രാഷ്ട്രീയചായ്വോ സ്വഭാവദാര്‍ഢ്യമോ പ്രകടിപ്പിക്കാതെയുള്ള മാധവിക്കുട്ടിയുടെ അഭിപ്രായപ്പെടലുകള്‍ പലരേയും അലോസരപ്പെടുത്തിയിട്ടുണ്ട്. സി.ഐ.ഡി മൂസ എന്ന ദിലീപ് സിനിമയിലെ ജഗതി ശ്രീകുമാര്‍ പറയുന്നതുപോലെ, 'ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്' എന്നു പലര്‍ക്കും തോന്നിപ്പിക്കുംവിധമുള്ള മാധവിക്കുട്ടിയുടെ തികച്ചും ബാലിശമായ പ്രതികരണങ്ങള്‍ മലയാളികള്‍ മോശക്കാരാണെന്നു പലവട്ടം പറയിക്കുന്നതിലേക്കു അവരെ കൊണ്ടെത്തിച്ചു.
ലോകയാത്രകള്‍ നടത്തിയും വിദേശീയരുമായി സംസര്‍ഗ്ഗം നടത്തിയും താന്‍ നേടിയ അനുഭവശുദ്ധികളെ തന്റെ ജന്മസിദ്ധമായ കുലീനത്വത്തിന്റെ അലുക്കുകള്‍ ചാര്‍ത്തി അലങ്കരിച്ചു പ്രതിബിംബിപ്പിച്ച മാധവിക്കുട്ടി കേരളത്തിന്റെ സാമൂഹികതെയെക്കുറിച്ചു സംസാരിക്കുമ്പോള്‍, അതിന്റെ ജീര്‍ണ്ണതകളെ പെരുപ്പിച്ചു കാട്ടാന്‍ ശ്രമം നടത്തുന്നതു കണ്ടിട്ടുണ്ട്. അപ്പോള്‍ അവര്‍ കണ്ട ലോകം വളരെ ചെറുതാണെന്നു കേള്‍വിക്കാര്‍ക്കു തോന്നിപ്പിക്കുന്നതും അവരുടെ മറ്റൊരു വിസ്മയമായി നമുക്കു കരുതാം.
രാഷ്ട്രീയക്കാരെ വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും അവര്‍ക്കിടയില്‍ മനുഷ്യന്റെ അടിസ്ഥാന ഭാവമായിരിക്കേണ്ട സ്നേഹമെന്ന വികാരം ഇല്ലെന്നും പറഞ്ഞു സ്വന്തമായി ലോകസേവ എന്ന രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച മാധവിക്കുട്ടിയെ മലയാളികള്‍ തലകുലുക്കി ഒന്നു സമ്മതിച്ചു വരവേയാണ് കെ. സി. വേണുഗോപാല്‍ എന്ന കോണ്‍ഗ്രസ്സ് പ്രവര്ത്തകന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു കണ്ട്, വേണുഗോപാല്‍ അതിസുന്ദരനാണെന്നും അയാള്‍ സംസ്ഥാനമന്ത്രിയായിരിക്കുന്നതു കേരളത്തിനു എന്തുകൊണ്ടും നല്ലതാണെന്നും മാധവിക്കുട്ടി അഭിപ്രായപ്പെട്ടത്. നേരത്തെ തലകുലുക്കിയ മലയാളി വീണ്ടും ഒന്നുകൂടി തലകുലുക്കി തങ്ങള്‍ക്ക് ഭ്രാന്തില്ലായെന്നുറപ്പു വരുത്തി.
മാധവിക്കുട്ടിയെ ഫെമിനിസ്റ്റ് ആദര്‍ശങ്ങളോടു കൂട്ടിക്കെട്ടുന്ന ഒരു പ്രവണത എന്നും കണ്ടുപോന്നിരുന്നു. ചില ചെറിയ വായനയിലൂടെ അവര്‍ ഒരു സ്ത്രീവാദിയാണെന്ന് ആര്‍ക്കും തോന്നിപ്പിക്കാം. എന്നാല്‍ മാധവിക്കുട്ടിയുടെ രചനകളില്‍ സ്ത്രീവിരുദ്ധങ്ങളായ നിലപാടുകള്‍ നിരവധിയാണ്. തന്റെ നിലപാട് എന്തായിരുന്നു എന്നത് അവര്‍ തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞിട്ടും അവരെ പെണ്ണെഴുത്തിന്റെ രാജ്ഞി എന്നൊക്കെ എഴുതുന്നത് ന്യായയുക്തമല്ല. ഒരു താരതമ്യത്തിനു ശ്രമിക്കുകയല്ല, മറിച്ച് ഗ്രേസിയേയും സാറാജോസഫിനേയും ശാരദക്കുട്ടിയേയും വായിക്കുന്നതിനുപരിയായി കാണാന്‍ കഴിയുന്ന തീവ്രനിലപാടുകള്‍ മാധവിക്കുട്ടിയില്‍ കണ്ടെത്തിയെങ്കില്‍ അത് അവരുടെ 'എന്റെ കഥ' യുടെ വായനാവശിഷ്ടം മലയാളിമനസ്സില്‍ തങ്ങിനില്ക്കുന്നതുകൊണ്ടാണെന്നു പറയേണ്ടി വരും. സ്ത്രീയുടെ ആകുലതകള്‍ ലൈംഗികമാണെന്ന ഒരു ധ്വനി പടര്‍ത്തിയിരുന്ന മാധവിക്കുട്ടി തന്റെ കുലപ്രതാപത്തിനപ്പുറത്തുള്ള ലോകത്തെ സ്ത്രീകളെ, അവരുടെ ആകുലതകളെ കണ്ടിരുന്നുവോ എന്നു സംശയിക്കേണ്ട നിരവധി സന്ദര്ഭങ്ങള്ക്കു സാക്ഷി അവരുടെ രചനകള്‍ തന്നെയാണ്.
മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ കേരളത്തിലെ ബൌദ്ധികമേഖലയിലെ ചിലരെങ്കിലും സന്തോഷിച്ചു. അവര്‍ ഫെമിനിസ്റ്റ് ആണെന്നു വിശ്വസിച്ചുപോന്നവര് കൂടുതല്‍ സന്തോഷിച്ചു. സ്ത്രീകളുടെ സ്വതന്ത്രപരമായ ഇടപെടലുകള്‍ക്കു പൊതുവെ വിലക്കുകളുള്ള ഒരു മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് ആ മതത്തെ, അതിന്റെ ശീലങ്ങളെ അടുത്തറിഞ്ഞ ശേഷം അതിനെതിരെ പ്രതികരിക്കുമെന്നും, അങ്ങനെ അവര്‍ സ്ത്രീകളുടെ നാക്കായി പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിച്ചു. തന്റെ ചുളുങ്ങിയ മുഖവും നരച്ച മുടിയും മറയ്ക്കാനാണു താന്‍ ഇസ്ലാം മതത്തില്‍ തുടരുന്നതെന്നു അവര്‍ പറഞ്ഞപ്പോള്‍ മാധവിക്കുട്ടിക്കു കല്പ്പിച്ചു നല്കിയ 'സ്ത്രീപക്ഷ' ത്തിന്റെ പക്ഷം ഒടിഞ്ഞുപോയി എന്നതാണ് അവരുടെ സ്ത്രീവിരുദ്ധതയെ അളക്കാനുള്ള മുന്തിയ അളവുകോല്‍. ഞാന്‍, എന്റേത് എന്നതിന്റെ അപ്പുറത്തുള്ള ഒരു ലിബറലിസവും മാധവിക്കുട്ടിയില്‍ നിന്നു പ്രതീക്ഷിക്കാന്‍ പാടില്ലായെന്ന സന്ദേശം കൊടുത്ത് ഫെമിനിസ്റ്റ് വാദികളേയും അവര്‍ അമ്പരപ്പിച്ചു.
അപരിഹാര്യമായ ചില ശരീരവാസനകളെക്കുറിച്ചു വീണ്ടും വീണ്ടും പറയുകയും അതിനെ പഴയ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ തളച്ചിട്ട് അതില്‍ ആനന്ദം കണ്ടെത്തുകയും വീട്ടിലെ വാല്യക്കാരെയും തോഴിയേയും കൂട്ടിച്ചേര്‍ത്ത് വള്ളുവനാടന്‍ കഥയിലെ നായികയെപ്പോലെ രമിക്കുകയും അതുവഴി ആത്മരതി അനുഭവിക്കുകയും ചെയ്തുപോന്ന മാധവിക്കുട്ടി, കൊഴിഞ്ഞ ഫ്യൂഡലിസത്തിന്റെ ജീര്‍ണ്ണതകളെ ഗൃഹാതുരത്വത്തോടെ താലോലിച്ചെടുത്തു കഥകള്‍ ചമച്ചപ്പോള്‍ കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ ഇടനിലങ്ങള്‍ ഉഴുതുമറിക്കാന്‍ പാകത്തിനുള്ള ഒന്നും അതിലുണ്ടായിരുന്നില്ല. മറിച്ച് മറ്റുള്ളവര്‍ ഉഴുതുമറിച്ചുവന്നു പാകപ്പെട്ട നിലങ്ങളില്‍ അവരുടെ സൃഷ്ടികള്‍ക്കും ഇടതൂര്‍ന്നു വളരാന്‍ ഇടമുണ്ടായി.
താന്‍ ഒരു ഭീരുവല്ലാ എന്നാവര്ത്തിച്ചെഴുതുമ്പോഴൊക്കെ ജീവിതത്തിന്റെ മുന്നില്‍ പകച്ചുനിന്ന ഒരു കേവലസ്ത്രീയായിരുന്നു താന്‍ എന്നു മറച്ചുവെക്കാന്‍ മാധവിക്കുട്ടി സ്വയം ഒരു ഷോ ലേഡിയാകാന്‍ തെരഞ്ഞടുത്ത നിലപാടുകളിലെ അസ്വാരസ്യങ്ങളുടെ ചെറിയൊരു സൂചനയാണിവയെല്ലാം. മാധവിക്കുട്ടിയുടെ രചനകളോട് അത്യാദരവ് സൂക്ഷിക്കുമ്പോഴും അവരുടെ നിലപാടുകള്‍ നൊമ്പരപ്പെടുത്തിയിരുന്ന എന്നെപ്പോലെ പലരുമുണ്ടാകുമെന്ന തോന്നലില്‍ കുറിച്ചവയാണിതെല്ലാം. ഇനിയും ഒരാള്‍ക്കും അനുകരിക്കാനാകാത്ത ദൃഢതയുള്ള ഭാഷയും ശീലവും മലയാളിമനസ്സില്‍ സന്നിവേശിപ്പിച്ചു കടന്നുപോയ മാധവിക്കുട്ടിക്കു എല്ലാ വിശേഷണത്തേക്കാളും 'കാലത്തെ നടുക്കിയ സ്ത്രീ'എന്ന വിശേഷണമായിരിക്കും കൂടുതല്‍ ചേരുക.
തനിക്കു ചുരുക്കം മലയാളം അക്ഷരങ്ങളേ അറിയൂ എന്നു മരണം വരെ ഇവര്‍ പറഞ്ഞിരുന്നതു എന്തിനായിരുന്നു എന്നുള്ളത് മറ്റൊരു ദുരൂഹതയായി അവശേഷിക്കുന്നു.അനുവാചകരെ എന്നും ഇങ്ങനെ കേള്‍വിക്കാരായി നിര്‍ത്തിയ എത്ര സാഹിത്യകാര്‍ നമുക്കുണ്ട്? മലയാളത്തിനു നഷ്ടപ്പെട്ടത് സൌന്ദര്യമുള്ള മുഖമോ ഭാഷയോ അല്ല, നമ്മള് സാംസ്കാരികപരമായി നഗ്നരാണെന്നു ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്ന ഒരു ശബ്ദമാണ്. മലയാളത്തിന്റെ തീരാനഷ്ടം. തിരിച്ചുകിട്ടാത്ത ശബ്ദം.
Friday, June 12, 2009
Saturday, April 4, 2009
സങ്കടക്കടല്‍
സങ്കടകടലിനക്കരെ ഉഷ്ണപ്പുണ്ണുമായ്
ഒരു കരയില്‍ ഉയര്‍ന്നു നില്ക്കുന്ന
അഗ്നിപ്പൂക്കള്‍ക്കു നടുവില്‍
കരള്‍ നാട്ടു പച്ച കിനാവു കാണുന്നു
ഉണ്യപ്പം പൊലുള്ളൊരു മുത്തശ്ശി
ഇപ്പോള്‍ സ്വര്‍ണവെയില്‍ കായുന്നുണ്ടാവം
മുറുക്കി തുപ്പി ചൊന്ന അടുക്കളമുറ്റത്തു
കഥകള്‍ കൊത്തിപ്പെറുക്കി
തള്ളക്കോഴിയും കുഞ്ഞുങ്ങളും
കൂടു മൊളയുന്നുണ്ടാവാം
ഉറങ്ങി ഉണര്‍ന്ന പൈക്കുട്ടി
അവിടെ തിരഞ്ഞു
മണ്‍കൂനയായ മണ്‍കൂനയിലെല്ലാം
തല മുട്ടി നോക്കുന്നുണ്ടാവം
കരഞ്ഞു വലഞ്ഞ തള്ളനാവു
പിണ്ണാക്കു രുചിക്കുന്നുണ്ടാവാം
കാറ്റിനൊടു കലഹിച്ച ഇലകളുടെ
ഹരിത സ്വപ്നങ്ങള്‍
ചൂലിന്റെ ശകാരം കേട്ടു
തെങ്ങിന് തടത്തില്‍
സന്ധ്യാ നാമവും കഴിഞ്ഞു അന്തിഉറക്കത്തിലാവും
നമ്മള് ചേര്‍ന്നു ഇരിക്കാറുള്ള
പുഴ വക്കിലെ ആറ്റുവഞ്ഞിപൂ പോലെ
നിന്റെ ചുംബനമിപ്പോഴും എന്റെ
ഉടലിന്റെ മണല്‍ തിട്ടിനെ
ഇക്കിളിപ്പെടുത്തുന്നുണ്ടു
രാത്രിയിലെ ചിറയിലെ കുങ്കുമ തറയില്‍
നിലാവു കൂട്ടി മുറുക്കിയ
പരേതാത്മാക്കള്‍ പന്തം കൊളുത്തി
തേരു തെളിക്കുന്നുണ്ടാവാം
പൊന്‍ താലിയില്‍ ആഗ്രഹങ്ങളെ
കുരുക്കിയിട്ടു
ബാക്കി കടത്തിന്റെ അടയാളം
ഉടലില്‍ നീലിച്ചു
താഴ്ന്ന ചില്ലകളുമായ്
നീലപ്പൂക്കള്‍ ചൂടി പെങ്ങള് മരം
കരളിലെ പാതാളത്തോളം താഴ്ന്ന
കിണറ്റില്‍ നിന്നും
വേദന കോരി കുടിച്ചു
ജീവിതത്തിന്റെ കുന്നു കയറുന്ന
അമ്മക്കിളി
സങ്കട കടലിന്നിരു കരയിലും
ഓര്‍മ്മകളില്‍ വേദനയുടെ
നിലാവു പൂത്തു കരള്‍ പൊരിയുന്നു
- അജീഷ്
ഒരു കരയില്‍ ഉയര്‍ന്നു നില്ക്കുന്ന
അഗ്നിപ്പൂക്കള്‍ക്കു നടുവില്‍
കരള്‍ നാട്ടു പച്ച കിനാവു കാണുന്നു
ഉണ്യപ്പം പൊലുള്ളൊരു മുത്തശ്ശി
ഇപ്പോള്‍ സ്വര്‍ണവെയില്‍ കായുന്നുണ്ടാവം
മുറുക്കി തുപ്പി ചൊന്ന അടുക്കളമുറ്റത്തു
കഥകള്‍ കൊത്തിപ്പെറുക്കി
തള്ളക്കോഴിയും കുഞ്ഞുങ്ങളും
കൂടു മൊളയുന്നുണ്ടാവാം
ഉറങ്ങി ഉണര്‍ന്ന പൈക്കുട്ടി
അവിടെ തിരഞ്ഞു
മണ്‍കൂനയായ മണ്‍കൂനയിലെല്ലാം
തല മുട്ടി നോക്കുന്നുണ്ടാവം
കരഞ്ഞു വലഞ്ഞ തള്ളനാവു
പിണ്ണാക്കു രുചിക്കുന്നുണ്ടാവാം
കാറ്റിനൊടു കലഹിച്ച ഇലകളുടെ
ഹരിത സ്വപ്നങ്ങള്‍
ചൂലിന്റെ ശകാരം കേട്ടു
തെങ്ങിന് തടത്തില്‍
സന്ധ്യാ നാമവും കഴിഞ്ഞു അന്തിഉറക്കത്തിലാവും
നമ്മള് ചേര്‍ന്നു ഇരിക്കാറുള്ള
പുഴ വക്കിലെ ആറ്റുവഞ്ഞിപൂ പോലെ
നിന്റെ ചുംബനമിപ്പോഴും എന്റെ
ഉടലിന്റെ മണല്‍ തിട്ടിനെ
ഇക്കിളിപ്പെടുത്തുന്നുണ്ടു
രാത്രിയിലെ ചിറയിലെ കുങ്കുമ തറയില്‍
നിലാവു കൂട്ടി മുറുക്കിയ
പരേതാത്മാക്കള്‍ പന്തം കൊളുത്തി
തേരു തെളിക്കുന്നുണ്ടാവാം
പൊന്‍ താലിയില്‍ ആഗ്രഹങ്ങളെ
കുരുക്കിയിട്ടു
ബാക്കി കടത്തിന്റെ അടയാളം
ഉടലില്‍ നീലിച്ചു
താഴ്ന്ന ചില്ലകളുമായ്
നീലപ്പൂക്കള്‍ ചൂടി പെങ്ങള് മരം
കരളിലെ പാതാളത്തോളം താഴ്ന്ന
കിണറ്റില്‍ നിന്നും
വേദന കോരി കുടിച്ചു
ജീവിതത്തിന്റെ കുന്നു കയറുന്ന
അമ്മക്കിളി
സങ്കട കടലിന്നിരു കരയിലും
ഓര്‍മ്മകളില്‍ വേദനയുടെ
നിലാവു പൂത്തു കരള്‍ പൊരിയുന്നു
- അജീഷ്
Thursday, March 12, 2009
മധ്യവയസ്കന്
അച്ഛന്..
കത്തിനിന്ന ഉച്ചസൂര്യന്.
ഇന്നു
സന്ധ്യതേടുന്ന
പോക്കുവെയില്‍.
ഞാന്‍-
ശൈശവത്തിനും
യൌവനത്തിനുമിടയിലെ
കൌമാരകൌതുകം
അച്ഛന്-
യൌവനത്തിനും
വാര്‍ദ്ധക്യത്തിനുമിടയിലെ
അമ്പരപ്പ്.
ഇന്റര്‍നെറ്റ്
മൊബൈല്‍
കൂട്ട്,ചാറ്റ്
ബൈക്ക്, ബേബ്സ്
യാത്ര മുന്നോട്ട്
ഹെയര്‍ ഡൈ
കണ്ണട
കൊളസ്റ്റ്രോള്‍,
പ്രമേഹം,
വ്യായാമം
അച്ഛന്റെ യാത്ര പിന്നോട്ട്.
ജീവിതത്തിന്റെ
ചൂടുസ്പര്‍ശം തേടി
ഞാന്‍.
മരണത്തിന്റെ
തണുത്ത സ്പര്‍ശം കാത്തു
അച്ഛന്.
ഇന്നത്ത ഞാന്‍
നാളത്തെ അച്ഛന്
കത്തിനിന്ന ഉച്ചസൂര്യന്.
ഇന്നു
സന്ധ്യതേടുന്ന
പോക്കുവെയില്‍.
ഞാന്‍-
ശൈശവത്തിനും
യൌവനത്തിനുമിടയിലെ
കൌമാരകൌതുകം
അച്ഛന്-
യൌവനത്തിനും
വാര്‍ദ്ധക്യത്തിനുമിടയിലെ
അമ്പരപ്പ്.
ഇന്റര്‍നെറ്റ്
മൊബൈല്‍
കൂട്ട്,ചാറ്റ്
ബൈക്ക്, ബേബ്സ്
യാത്ര മുന്നോട്ട്
ഹെയര്‍ ഡൈ
കണ്ണട
കൊളസ്റ്റ്രോള്‍,
പ്രമേഹം,
വ്യായാമം
അച്ഛന്റെ യാത്ര പിന്നോട്ട്.
ജീവിതത്തിന്റെ
ചൂടുസ്പര്‍ശം തേടി
ഞാന്‍.
മരണത്തിന്റെ
തണുത്ത സ്പര്‍ശം കാത്തു
അച്ഛന്.
ഇന്നത്ത ഞാന്‍
നാളത്തെ അച്ഛന്
Wednesday, February 4, 2009
എന്നെത്തേടി
അടുക്കളയില്‍, അടുപ്പിന്റെ താഴെ
വിറകിന്‍കൊള്ളിക്കള്‍ക്കിടയില്‍ നിന്ന്
ഒരു വള കളഞ്ഞുകിട്ടി
അത് അമ്മയുടേതായിരുന്നു
ചുരുട്ടിയിട്ട കടലാസുകൂട്ടത്തിന്റെ
ചിതലരിച്ച മൂലയില്‍ നിന്ന്
പൊട്ടിയ കണ്ണടയും,
ഒരു മഷിക്കുപ്പിയും കളഞ്ഞുകിട്ടി
അത് അച്ഛന്റേതായിരുന്നു.
തെക്കിനിയില്‍
ഒഴിഞ്ഞ കട്ടിലിനടിയില്‍ നിന്നും
നറുനെയ്യ് മണക്കുന്ന
ഒരുരുള ചോറു കളഞ്ഞുകിട്ടി
അതു മുത്തശ്ശിയുടേതായിരുന്നു.
കൂമനുറങ്ങുന്ന പൊന്തക്കാട്ടിലെ
ദര്‍ഭകൂട്ടത്തിനിടയില്‍ നിന്നും
ഒരു ശവശരീരം കളഞ്ഞുകിട്ടി
അതു പെങ്ങളുടേതായിരുന്നു.
കളഞ്ഞുകിട്ടിയവ കൂട്ടിയിട്ട
നിലവറയില്‍
വെറുപ്പിന്റെ തിമിരതാളങ്ങള്‍ക്കിടയില്‍
ഞാന്‍ ഇപ്പോള്‍ തിരയുന്നത്
ആത്മാവിനെയാണ്
എന്റെ സ്വന്തം ആത്മാവ്.
വിറകിന്‍കൊള്ളിക്കള്‍ക്കിടയില്‍ നിന്ന്
ഒരു വള കളഞ്ഞുകിട്ടി
അത് അമ്മയുടേതായിരുന്നു
ചുരുട്ടിയിട്ട കടലാസുകൂട്ടത്തിന്റെ
ചിതലരിച്ച മൂലയില്‍ നിന്ന്
പൊട്ടിയ കണ്ണടയും,
ഒരു മഷിക്കുപ്പിയും കളഞ്ഞുകിട്ടി
അത് അച്ഛന്റേതായിരുന്നു.
തെക്കിനിയില്‍
ഒഴിഞ്ഞ കട്ടിലിനടിയില്‍ നിന്നും
നറുനെയ്യ് മണക്കുന്ന
ഒരുരുള ചോറു കളഞ്ഞുകിട്ടി
അതു മുത്തശ്ശിയുടേതായിരുന്നു.
കൂമനുറങ്ങുന്ന പൊന്തക്കാട്ടിലെ
ദര്‍ഭകൂട്ടത്തിനിടയില്‍ നിന്നും
ഒരു ശവശരീരം കളഞ്ഞുകിട്ടി
അതു പെങ്ങളുടേതായിരുന്നു.
കളഞ്ഞുകിട്ടിയവ കൂട്ടിയിട്ട
നിലവറയില്‍
വെറുപ്പിന്റെ തിമിരതാളങ്ങള്‍ക്കിടയില്‍
ഞാന്‍ ഇപ്പോള്‍ തിരയുന്നത്
ആത്മാവിനെയാണ്
എന്റെ സ്വന്തം ആത്മാവ്.
Tuesday, February 3, 2009
ഒരു ഗാന്ധി സ്മരണ

അഹിംസയുടെ
മുന്‍വാക്ക്
സ്വാതന്ത്ര്യത്തിന്റെ
തായ്വേരടയാളം.
ജീവിതമല്ലാതെ തനിക്കൊരു
സന്ദേശവുമില്ലെന്ന്
ജീവിച്ചും മരിച്ചും
തെളിയിച്ചവന്‍.
വിമോചനത്തിന്റെ
നിലാവുകാത്തു കിടന്നവന്
ദരിദ്രന്റെ ലോകത്തെ
അര്‍ദ്ധനഗ്നത കൊണ്ടു
അടയാളപ്പെടുത്തിയവന്‍.
കരിനിയമങ്ങളെ
ഉപ്പുകുറുക്കിയും
ലംഘിക്കാമെന്നു
ശീലിപ്പിച്ചവന്.
പക്ഷേ..
ചരിത്രത്തിന്റെ
പിന്നാമ്പുറങ്ങളില്‍
നിന്റെ സത്യസന്ധതക്കു
മാര്‍ക്ക് കൂട്ടിനോക്കുന്നവരോട്..
ഓര്‍ക്കുക
അളന്നെഴുതാന്‍
ഏകകം മതിയാവാതെ വരും.
ഇവന്
ഭൂഖണ്ഡങ്ങളില്‍
തന്റെ നാളുകള്‍
സ്നേഹം കൊണ്ടൂ
മുദ്രണം ചെയ്തിട്ടുണ്ട്.
ചരിത്രമനസ്സുകളില്
ഉറച്ച ചങ്കൂറ്റം
രക്തം കൊണ്ടു
സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
-അജീഷ്
(ആരും ഓര്‍ക്കാതെപോയ ഒരു രക്തസാക്ഷിദിനത്തിന്റെ ഓര്‍മ്മക്ക്)
Thursday, January 22, 2009
പള്ളിക്കൂടം, ഓര്‍മ്മകള്‍ തിരിച്ചുനടത്തുന്നത്
ഓര്‍മ്മയുടെ മടക്കില്‍നിന്ന്
തിരിച്ചുനടത്തുന്നത്
കീശയിലെ പളുങ്കു ഗോട്ടികള്‍
കൂട്ടിമുട്ടുമ്പോഴത്തെ കള്‍ കള്ത്ത ഒച്ചയാണ്.
കല്ലെറിഞ്ഞ നാട്ടുമാവില്‍ നിന്നെല്ലാം
പുളിച്ച ചീത്തകേട്ട്
പിന്‍വാങ്ങുന്നതിലെ അമര്‍ഷം
കൊഞ്ഞനം കുത്തി തീര്‍ക്കുമ്പോഴും
പെരുവിരല്‍ ഉരുളന്‍ കല്ലില്‍
തട്ടി കട്ടപിടിച്ച വേദനയാണ്
മനസ്സില്‍ തങ്ങിനില്ക്കുന്നത്.
കല്ലുസ്ലേറ്റ് മായ്ക്കാന്‍
ഊത്താലും മഷിത്തണ്ടും പോരാഞ്ഞ്
തുപ്പലും പുരട്ടുമ്പോഴാണ്
നടുപ്പുറത്ത് വീഴുന്ന ചൂരലിന്
പൊള്ളല്‍ തലകറക്കുന്നത്.
വെയിലിനു ചൂടേറുമ്പോള്‍
ആവികനക്കുന്ന ഓടില്‍ നിന്നും പിടിവിട്ട്
കഴുക്കോലില്‍ പറ്റാന്‍ കഴിയാതെ
ചൊറിയന്‍ പുഴു പുറത്തുവീണു
ചൊറിഞ്ഞു ചൊറിഞ്ഞു
പകതീരാതെ മാന്തിപ്പൊളിച്ച്
തടിച്ചു വീര്‍ത്ത വന്‍കരപ്പാടുകളാണ്.
എന്നാലും നട്ടുച്ചക്ക്
നീണ്ട ബെല്ലിനുള്ള കാതോര്‍ക്കലാണ്
കഞ്ഞിപ്പുരയിലെ ആവി മണത്ത്
കൊതി അണപൊട്ടിയൊഴുകിത്തുടങ്ങി-
യിട്ടുണ്ടാകും അന്നേരം.
വീര്‍ത്ത പള്ളയുടെ സുഖമാണ്,
വിയര്‍പ്പിന്റെ കീഴ്പോട്ടുള്ള
താളമാണ് ഇസ്കൂള്.
-അജീഷ്
തിരിച്ചുനടത്തുന്നത്
കീശയിലെ പളുങ്കു ഗോട്ടികള്‍
കൂട്ടിമുട്ടുമ്പോഴത്തെ കള്‍ കള്ത്ത ഒച്ചയാണ്.
കല്ലെറിഞ്ഞ നാട്ടുമാവില്‍ നിന്നെല്ലാം
പുളിച്ച ചീത്തകേട്ട്
പിന്‍വാങ്ങുന്നതിലെ അമര്‍ഷം
കൊഞ്ഞനം കുത്തി തീര്‍ക്കുമ്പോഴും
പെരുവിരല്‍ ഉരുളന്‍ കല്ലില്‍
തട്ടി കട്ടപിടിച്ച വേദനയാണ്
മനസ്സില്‍ തങ്ങിനില്ക്കുന്നത്.
കല്ലുസ്ലേറ്റ് മായ്ക്കാന്‍
ഊത്താലും മഷിത്തണ്ടും പോരാഞ്ഞ്
തുപ്പലും പുരട്ടുമ്പോഴാണ്
നടുപ്പുറത്ത് വീഴുന്ന ചൂരലിന്
പൊള്ളല്‍ തലകറക്കുന്നത്.
വെയിലിനു ചൂടേറുമ്പോള്‍
ആവികനക്കുന്ന ഓടില്‍ നിന്നും പിടിവിട്ട്
കഴുക്കോലില്‍ പറ്റാന്‍ കഴിയാതെ
ചൊറിയന്‍ പുഴു പുറത്തുവീണു
ചൊറിഞ്ഞു ചൊറിഞ്ഞു
പകതീരാതെ മാന്തിപ്പൊളിച്ച്
തടിച്ചു വീര്‍ത്ത വന്‍കരപ്പാടുകളാണ്.
എന്നാലും നട്ടുച്ചക്ക്
നീണ്ട ബെല്ലിനുള്ള കാതോര്‍ക്കലാണ്
കഞ്ഞിപ്പുരയിലെ ആവി മണത്ത്
കൊതി അണപൊട്ടിയൊഴുകിത്തുടങ്ങി-
യിട്ടുണ്ടാകും അന്നേരം.
വീര്‍ത്ത പള്ളയുടെ സുഖമാണ്,
വിയര്‍പ്പിന്റെ കീഴ്പോട്ടുള്ള
താളമാണ് ഇസ്കൂള്.
-അജീഷ്
Subscribe to:
Posts (Atom)