Saturday, April 4, 2009

സങ്കടക്കടല്‍

സങ്കടകടലിനക്കരെ ഉഷ്ണപ്പുണ്ണുമായ്
ഒരു കരയില്‍ ഉയര്‍ന്നു നില്ക്കുന്ന
അഗ്നിപ്പൂക്കള്‍ക്കു നടുവില്‍
കരള്‍ നാട്ടു പച്ച കിനാവു കാണുന്നു

ഉണ്യപ്പം പൊലുള്ളൊരു മുത്തശ്ശി
ഇപ്പോള്‍ സ്വര്‍ണവെയില്‍ കായുന്നുണ്ടാവം

മുറുക്കി തുപ്പി ചൊന്ന അടുക്കളമുറ്റത്തു
കഥകള്‍ കൊത്തിപ്പെറുക്കി
തള്ളക്കോഴിയും കുഞ്ഞുങ്ങളും
കൂടു മൊളയുന്നുണ്ടാവാം

ഉറങ്ങി ഉണര്‍ന്ന പൈക്കുട്ടി
അവിടെ തിരഞ്ഞു
മണ്‍കൂനയായ മണ്‍കൂനയിലെല്ലാം
തല മുട്ടി നോക്കുന്നുണ്ടാവം
കരഞ്ഞു വലഞ്ഞ തള്ളനാവു
പിണ്ണാക്കു രുചിക്കുന്നുണ്ടാവാം

കാറ്റിനൊടു കലഹിച്ച ഇലകളുടെ
ഹരിത സ്വപ്നങ്ങള്‍
ചൂലിന്റെ ശകാരം കേട്ടു
തെങ്ങിന്‍ തടത്തില്‍
സന്ധ്യാ നാമവും കഴിഞ്ഞു അന്തിഉറക്കത്തിലാവും

നമ്മള്‍ ചേര്‍ന്നു ഇരിക്കാറുള്ള
പുഴ വക്കിലെ ആറ്റുവഞ്ഞിപൂ പോലെ
നിന്റെ ചുംബനമിപ്പോഴും എന്റെ
ഉടലിന്റെ മണല്‍ തിട്ടിനെ
ഇക്കിളിപ്പെടുത്തുന്നുണ്ടു

രാത്രിയിലെ ചിറയിലെ കുങ്കുമ തറയില്‍
നിലാവു കൂട്ടി മുറുക്കിയ
പരേതാത്മാക്കള്‍ പന്തം കൊളുത്തി
തേരു തെളിക്കുന്നുണ്ടാവാം

പൊന്‍ താലിയില്‍ ആഗ്രഹങ്ങളെ
കുരുക്കിയിട്ടു
ബാക്കി കടത്തിന്റെ അടയാളം
ഉടലില്‍ നീലിച്ചു
താഴ്ന്ന ചില്ലകളുമായ്
നീലപ്പൂക്കള്‍ ചൂടി പെങ്ങള്‍ മരം

കരളിലെ പാതാളത്തോളം താഴ്ന്ന
കിണറ്റില്‍ നിന്നും
വേദന കോരി കുടിച്ചു
ജീവിതത്തിന്റെ കുന്നു കയറുന്ന
അമ്മക്കിളി

സങ്കട കടലിന്നിരു കരയിലും
ഓര്‍മ്മകളില്‍ വേദനയുടെ
നിലാവു പൂത്തു കരള്‍ പൊരിയുന്നു
- അജീഷ്

6 comments:

വര്‍ണ്ണക്കടലാസ്സ്‌ said...

കാറ്റിനൊടു കലഹിച്ച ഇലകളുടെ
ഹരിത സ്വപ്നങ്ങള്‍
ചൂലിന്റെ ശകാരം കേട്ടു
തെങ്ങിന്‍ തടത്തില്‍
സന്ധ്യാ നാമവും കഴിഞ്ഞു അന്തിഉറക്കത്തിലാവും

പകല്‍കിനാവന്‍ | daYdreaMer said...

അജീഷ്
ഒത്തിരി ഇഷ്ടമായി ഈ വരികള്‍.. ഈ ചിന്തകളും.. അഭിവാദ്യങ്ങള്‍...

സമാന്തരന്‍ said...

എല്ലാം പലയാവര്‍ത്തി വായിച്ചു.. നന്നായിരിക്കുന്നു.
ഉള്ളില്‍ നീറ്റലേല്‍പ്പിച്ച് പലതും മായാതെ കിടക്കുന്നു..
ആശംസകള്‍

കൃഷ്‌ണ.തൃഷ്‌ണ said...

പൊന്‍ താലിയില്‍ ആഗ്രഹങ്ങളെ
കുരുക്കിയിട്ടു
ബാക്കി കടത്തിന്റെ അടയാളം
ഉടലില്‍ നീലിച്ചു
താഴ്ന്ന ചില്ലകളുമായ്
നീലപ്പൂക്കള്‍ ചൂടി പെങ്ങള്‍ മരം
-വേദനയുടെ നേര്‍ത്തരേഖകള്‍ താങ്കളുടെ കവിതയിലെങ്ങും പരന്നുകിടക്കുന്നു..ഇഷ്ടമാണു താങ്കളെ വായിക്കുവാന്‍.

സുമയ്യ said...

പൊന്‍ താലിയില്‍ ആഗ്രഹങ്ങളെ
കുരുക്കിയിട്ടു
ബാക്കി കടത്തിന്റെ അടയാളം
ഉടലില്‍ നീലിച്ചു
താഴ്ന്ന ചില്ലകളുമായ്
നീലപ്പൂക്കള്‍ ചൂടി പെങ്ങള്‍ മരം

എനിയ്ക്കിഷ്ടപ്പെട്ടത് ഈ വരികള്‍..

ശ്രീഇടമൺ said...

"സങ്കടക്കടല്‍"
നന്നായിട്ടുണ്ട്....
ആശയഗംഭീരം...*